ഫീസ് അടയ്ക്കാന്‍ പ്രയാസമോ..? പകരം നാളികേരം മതി; വിദ്യാര്‍ത്ഥികളുടെ സാമ്പത്തിക പ്രതിസന്ധിക്ക് പോംവഴിയുമായി ബാലിയിലെ കോളേജ്

ബാലി: കൊവിഡ് 19 മഹാമാരി കാലത്ത് എല്ലായിടത്തും ഒരു പോലെ കാണുന്നത് സാമ്പത്തിക പ്രതിസന്ധിയാണ്. കുട്ടികളുടെ പഠനത്തിന് വേണ്ട കാര്യങ്ങള്‍ ചെയ്യാന്‍ പോലും പണം കണ്ടെത്താന്‍ നെട്ടോട്ടമോടുകയാണ് പലരും. ഇപ്പോള്‍ ഫീസ് ഇനത്തില്‍ വിദ്യാര്‍ത്ഥികള്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്ക് പുതിയ പോംവഴി കണ്ടെത്തിയിരിക്കുകയാണ് ബാലിയിലെ ഒരു കോളേജ്.

കോളേജ് ഫീസിന് പകരം ഇനി നാളികേരം കൊടുത്താല്‍ മതിയെന്നാണ് നല്‍കിയിരിക്കുന്ന നിര്‍ദേശം. നാളികേരമില്ലെങ്കില്‍ മറ്റ് പ്രകൃതിദത്ത ഉത്പന്നങ്ങളോ നല്‍കിയാല്‍ മതിയെന്നും പ്രത്യേകം പറയുന്നു. ബാലിയിലെ വീനസ് വണ്‍ ടൂറിസം അക്കാദമി ആണ് വ്യത്യസ്ത ആശയവുമായി രംഗത്തെത്തിയത്.

ഇത്തരത്തില്‍ വിദ്യാര്‍ത്ഥികള്‍ നല്‍കുന്ന നാളികേരം എണ്ണയാക്കി മാറ്റുമെന്ന് അക്കാദമി അധികൃതര്‍ വ്യക്തമാക്കി. നാളികേരത്തിന് പുറമേ മുരിങ്ങ ഇല, ബ്രഹ്മി തുടങ്ങിയ ഇലകളും ഫീസിന് പകരം കോളേജ് ശേഖരിക്കും. പിന്നീട് കോളേജ് അധികൃതര്‍ തന്നെ ഇവയെ ആയുര്‍വേദ ഉത്പന്നങ്ങളാക്കി മാറ്റി വില്‍പ്പന നടത്തും. വിദ്യാര്‍ത്ഥികളുടെ സംരഭകത്വശീലം വളര്‍ത്താന്‍ കൂടി ഇതിലൂടെ ലക്ഷ്യമിടുന്നുണ്ടെന്ന് കോളേജ് അധികൃതര്‍ വ്യക്തമാക്കി.

Exit mobile version