സീറ്റ് ബെല്‍റ്റിട്ടില്ല; ഓട്ടോ ഡ്രൈവര്‍ക്ക് ആയിരം രൂപ പിഴയിട്ട് പോലീസ്

പാറ്റ്‌ന: സീറ്റ് ബെല്‍റ്റ് ഇടാത്തതിന്റെ പേരില്‍ പിഴ അടക്കേണ്ടി വന്ന ഓട്ടോ ഡ്രൈവറുടെ വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. ബിഹാറിലെ മുസാഫര്‍പൂറിലാണ് സംഭവം.ഭേദഗതി ചെയ്ത മോട്ടോര്‍ വാഹന നിയമപ്രകാരമാണ് പോലീസ് ഓട്ടോ ഡ്രൈവറില്‍ നിന്ന് ആയിരം രൂപ പിഴയായി ഈടാക്കിയത്.

സീറ്റ് ബെല്‍റ്റ് ഇല്ലാത്ത ഓട്ടോയില്‍ എങ്ങനെ സീറ്റ് ബെല്‍റ്റ് ധരിക്കണമെന്ന ചോദ്യം പോലും കേള്‍ക്കാതെയാണ് പോലീസ് ഇത്തരത്തിലുള്ള നടപടി എടുത്തിരിക്കുന്നത്. അതേസമയം ഓട്ടോ ഡ്രൈവര്‍ ദരിദ്രനാണെന്നു മനസിലായതിനാല്‍ ഏറ്റവും കുറഞ്ഞ തുകയാണു പിഴയിട്ടതെന്നാണ് പോലീസിന്റെ വിശദീകരണം.

മോട്ടര്‍ വാഹന നിയമപ്രകാരം ഇരുചക്രവാഹനങ്ങളില്‍ സഞ്ചരിക്കുമ്പോള്‍ ഹെല്‍മറ്റും കാറുകളില്‍ സീറ്റ് ബെല്‍റ്റ് ധരിക്കുന്നതും കര്‍ശനമാക്കിയിരുന്നു. ഇതു ലംഘിക്കുന്നവര്‍ക്കുള്ള പിഴ തുക വര്‍ധിപ്പിക്കുകയും ചെയ്തിരുന്നു. അതേസമയം നിയമത്തില്‍ മോട്ടര്‍ വാഹനങ്ങള്‍ എന്നു പൊതുവായി പറയുന്നതല്ലാതെ ഓട്ടോറിക്ഷയുടെ കാര്യം പ്രത്യേകമായി പരാമര്‍ശിക്കുന്നില്ല. അതുകൊണ്ട് തന്നെ എല്ലാ വാഹനങ്ങള്‍ക്കും സീറ്റ് ബെല്‍റ്റ് വേണമെന്ന കര്‍ശന നിലപാടിലാണ് ബിഹാറിലെ പോലീസുകാര്‍.

Exit mobile version