വിധവയായ മരുമകള്‍ക്ക് പുനര്‍വിവാഹം നടത്തി ഭര്‍തൃമാതാവ്

ഒഡിഷ ആംഗുല്‍ ജില്ലയിലെ ഗൊബാരാ ഗ്രാമപഞ്ചായത്തിലാണ് സംഭവം

ഭുവനേശ്വര്‍: വിധവയായ മരുമകള്‍ക്ക് വീണ്ടും വിവാഹം നടത്തികൊടുത്ത് ഭര്‍തൃമാതാവ്. ഒഡിഷ ആംഗുല്‍ ജില്ലയിലെ ഗൊബാരാ ഗ്രാമപഞ്ചായത്തിലാണ് സംഭവം. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ലില്ലി എന്ന 20കാരിയെ പ്രതിമയുടെ ഇളയമകന്‍ രശ്മിരജ്ഞന്‍ വിവാഹം കഴിച്ചത്. കല്‍ക്കരി ഫാക്ടറിയിലെ ജീവനക്കാരനാണ് രശ്മിരജ്ഞന്‍. കഴിഞ്ഞ ജൂലൈയില്‍ ഭാര്ത്പൂരിലെ കല്‍ക്കരി ഫാക്ടറിയിലുണ്ടായ അപകടത്തില്‍ രശ്മിരജ്ഞന്‍ മരിക്കുകയായിരുന്നു.

തുടര്‍ന്ന് ഭര്‍ത്താവിന്റെ മരണത്തില്‍ അതീവ ദുഃഖിതയായ ലില്ലി ആരോടും സംസാരിക്കാന്‍ തയ്യാറല്ലയാരുന്നു. ലില്ലിയുടെ സങ്കടം സഹിക്കാനാവാതെ പ്രതിമ മരുമകളെ കൊണ്ട് വീണ്ടും വിവാഹം കഴിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. പിന്നീട് പ്രതിമ ലില്ലിയെ പുനര്‍വിവാഹത്തിന് സമ്മതിപ്പിച്ചു. തുടര്‍ന്ന് പ്രതിമയുടെ സഹോദരന്‍ സംഗ്രാന്‍ ബെഹ്‌റയെ സമീപിക്കുകയും അദ്ദേഹത്തിന്റെ മകനെക്കൊണ്ട് ലില്ലിയെ വിവാഹം ചെയ്യിപ്പിക്കാനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു. ”എനിക്കറിയാം എന്റെ മകന്‍ ഇനി തിരിച്ചുവരില്ലെന്ന്.

എനിക്ക്, 20 വയസ്സ് മാത്രം പ്രായമുള്ള മരുമകളുടെ കണ്ണീരുകണ്ട് നില്‍ക്കാനുമാകില്ല. അപ്പോള്‍ ഞാന്‍ തീരുമാനിച്ചു, അവളെ വിവാഹം ചെയ്ത് നല്‍കണമെന്ന്” – ആ അമ്മ പറഞ്ഞു. എന്റെ അച്ഛനും അമ്മയും മറ്റുബന്ധുക്കളും ലില്ലിയെ മരുമകളായി അംഗീകരിച്ചുകഴിഞ്ഞു. ഞാന്‍ സന്തോഷവാനാണെന്നിരിക്കെ പിന്നെ എന്തിന് എതിര്‍ക്കണം” – ലില്ലിയുടെ വരന്‍ ചോദിച്ചു.

Exit mobile version