ഒരു രാജ്യം, ഒരു ഭാഷയെന്ന് അമിത് ഷാ; ഭാഷാ സമരത്തിന് ആഹ്വാനം ചെയ്ത് എംകെ സ്റ്റാലിൻ

രാജ്യമെമ്പാടുമുള്ള സമാന ചിന്താഗതിക്കാരുടെ പിന്തുണയോടെ പ്രതിഷേധം ആരംഭിക്കുമെന്നും സ്റ്റാലിൻ പറയുന്നു.

ന്യൂഡൽഹി: വീണ്ടും വിവാദത്തിന് തിരി കൊളുത്തി ഒരു രാജ്യം ഒരു ഭാഷ എന്ന മുദ്രാവാക്യവുമായി രംഗത്തെത്തിയ അമിത് ഷായ്‌ക്കെതിരെ ഡിഎംകെ നേതാവ് എംകെ സ്റ്റാലിൻ. വീണ്ടും ഭാഷാ സമരത്തിനൊരുങ്ങാൻ തയ്യാറായി കൊണ്ടാണ് സ്റ്റാലിൻ മുന്നോട്ട് വന്നിരിക്കുന്നത്. ഹിന്ദി ഭാഷ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി നിലപാട് വ്യക്തമാക്കണമെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടു. ഹിന്ദി രാജ്യവ്യാപകമാക്കാനുള്ള തീരുമാനത്തിൽ നിന്നും പിന്നോട്ടുപോയില്ലെങ്കിൽ ജനാധിപത്യപരമായ വഴിയിൽ ഡിഎംകെ പ്രതിഷേധിക്കുമെന്നും സ്റ്റാലിൻ വ്യക്തമാക്കി.

തമിഴ്നാട്ടിലെ മാത്രമല്ല, രാജ്യമെമ്പാടുമുള്ള സമാന ചിന്താഗതിക്കാരുടെ പിന്തുണയോടെ പ്രതിഷേധം ആരംഭിക്കുമെന്നും സ്റ്റാലിൻ പറയുന്നു. പ്രാഥമിക വിദ്യാലയം മുതൽ പാർലമെന്റ് വരെ ഹിന്ദി അടിച്ചേൽപ്പിക്കുന്ന കേന്ദ്രസർക്കാർ ഹിന്ദി സംസാരിക്കാത്ത പ്രദേശങ്ങളിലെ ജനങ്ങളെ വഞ്ചിക്കുകയാണെന്ന് സ്റ്റാലിൻ തുടക്കം മുതൽ ആരോപിച്ചിരുന്നു.

തമിഴ് ഉൾപ്പെടെ എല്ലാ ഭാഷകളും ഔദ്യോഗിക ഭാഷകളായി പ്രഖ്യാപിക്കണമെന്ന ഭരണഘടനയുടെ എട്ടാം ഷെഡ്യൂളും സ്റ്റാലിൻ അന്ന് ഓർമ്മിച്ചിരുന്നു.

‘ഇന്ത്യയിൽ നിരവധി ഭാഷകളുണ്ട്. അവയ്ക്ക് അവയുടേതായ മൂല്യമുണ്ട്. പക്ഷേ രാജ്യത്തിന് ഒന്നടങ്കം ഒരു ഭാഷയുണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. ആ ഭാഷയിലൂടെയാണ് ലോകത്തിൽ രാജ്യം തിരിച്ചറിയപ്പെടുക. രാജ്യത്തെ ഒരുമിപ്പിക്കാൻ കഴിയുന്ന ഏതെങ്കിലും ഭാഷയുണ്ടെങ്കിൽ അത് ഹിന്ദിയാണ്’- എന്നായിരുന്നു കഴിഞ്ഞ ഹിന്ദി ദിവസാചരണവുമായി ബന്ധപ്പെട്ട് അമിത് ഷായുടെ പരാമർശം.

Exit mobile version