യുദ്ധം വേണ്ടെങ്കിൽ പാകിസ്താൻ അധീന കാശ്മീർ ഇന്ത്യയ്ക്ക് വിട്ടുതരണം; ഇമ്രാൻ ഖാന് മുന്നറിയിപ്പുമായി കേന്ദ്രമന്ത്രി അത്താവലെ

പാക് അധീന കാശ്മീർ ഇമ്രാൻ ഖാൻ ഇന്ത്യക്ക് വിട്ട് തരാൻ തയ്യാറാകണമെന്നും മന്ത്രി

ന്യൂഡൽഹി: ഇന്ത്യയുമായി പാകിസ്താൻ യുദ്ധം ആഗ്രഹിക്കുന്നില്ലെങ്കിൽ പാക് അധീന കാശ്മീർ വിട്ടുതരണമെന്ന് കേന്ദ്ര മന്ത്രി രാം ദാസ് അത്താവാലെ. പാക് അധീന കാശ്മീരിലെ ആളുകൾ അസന്തുഷ്ടരാണ്. അവർക്ക് പാകിസ്താനൊപ്പം നിൽക്കാൻ താത്പര്യമില്ല. പാകിസ്താൻ നല്ലത് ആഗ്രഹിക്കുന്നുവെങ്കിൽ, യുദ്ധം വേണ്ടായെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിൽ സ്വന്തം രാജ്യത്തിന്റെ താത്പര്യം മുൻ നിർത്തി പാക് അധീന കാശ്മീർ ഇമ്രാൻ ഖാൻ ഇന്ത്യക്ക് വിട്ട് തരാൻ തയ്യാറാകണമെന്നും മന്ത്രി പറഞ്ഞു. ഛത്തീസ്ഗഢിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാശ്മീർ വിഷയം ഉയർത്തിക്കാട്ടാൻ ശ്രമിച്ച് പാകിസ്താൻ ഒരിക്കൽ കൂടി പരാജയപ്പെട്ടിരിക്കുകയാണ്. അധീന കാശ്മീർ പാകിസ്താൻ വിട്ട് തരികയാണെങ്കിൽ നമുക്ക് അവിടെ നിരവധി വ്യവസായങ്ങൾ ആരംഭിക്കുമെന്നും വ്യാപാരത്തിൽ പാകിസ്താനെ സഹായിക്കുമെന്നും അത്താവലെ അവകാശപ്പെട്ടു.

370-ാം വകുപ്പ് എടുത്ത് കളഞ്ഞതിന് ശേഷം കാശ്മീരിൽ പൂർണ്ണ സമാധാനം വന്നെന്നും പാക് അധീന കാശ്മീരിലെ ജനങ്ങൾ ഇന്ത്യക്കൊപ്പം നിൽക്കണമെന്ന് ആഗ്രഹിക്കുന്നുവെന്നാണ് നിരവധി റിപ്പോർട്ടുകളിലൂടെ പുറത്ത് വരുന്നത്. ഇതൊരു ചെറിയ കാര്യമായി കാണേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version