നിയമലംഘനങ്ങള്‍ കുറഞ്ഞു; പുതിയ മോട്ടോര്‍ വാഹന നിയമത്തിന് കെജരിവാളിന്റെ ‘പച്ചക്കൊടി’

ബിജെപി ഭരണത്തില്‍ ഇരിക്കുന്ന ഗുജറാത്ത്, കര്‍ണാടക, ഗോവ, യുപി അടക്കമുള്ള സംസ്ഥാനങ്ങള്‍ പുതിയ നിയമത്തിനെതിരെ രംഗത്ത് വരുമ്പോഴാണ് കെജരിവാള്‍ കേന്ദ്ര തീരുമാനത്തെ പിന്തുണയ്ക്കുന്നത്.

ന്യൂഡല്‍ഹി: സെപ്റ്റംബര്‍ ഒന്ന് മുതല്‍ രാജ്യത്ത് നടപ്പിലാക്കിയ പുതിയ മോട്ടോര്‍ വാഹന നിയമത്തിന് പച്ചക്കൊടി കാണിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. ഗതാഗത നിയമ ലംഘനത്തിനുള്ള പിഴ തുക കുത്തനെ കൂട്ടിയ പുതിയ മോട്ടോര്‍ വാഹന നിയമത്തിന് പിന്തുണയ്ക്കുന്നുവെന്നാണ് അദ്ദേഹം പറയുന്നത്.

ബിജെപി ഭരണത്തില്‍ ഇരിക്കുന്ന ഗുജറാത്ത്, കര്‍ണാടക, ഗോവ, യുപി അടക്കമുള്ള സംസ്ഥാനങ്ങള്‍ പുതിയ നിയമത്തിനെതിരെ രംഗത്ത് വരുമ്പോഴാണ് കെജരിവാള്‍ കേന്ദ്ര തീരുമാനത്തെ പിന്തുണയ്ക്കുന്നത്. ഫൈന്‍ വര്‍ധിക്കുമ്പോള്‍ റോഡുകള്‍ നന്നാവുമെന്നും പുതിയ മോട്ടോര്‍ വാഹന ഗതാഗത നിയമം നടപ്പിലാക്കിയതോടെ ഡല്‍ഹിയില്‍ ട്രാഫിക്ക് നിയമലംഘനങ്ങള്‍ കുറഞ്ഞുവെന്നുമാണ് കെജരിവാള്‍ പറയുന്നത്.

എന്നാല്‍, പുതിയ നിയമത്തില്‍ ജനങ്ങള്‍ക്ക് എന്തെങ്കിലും ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടെങ്കില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അത് കുറയ്ക്കാനുള്ള അധികാരമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം കേന്ദ്ര തീരുമാനത്തെ അനുകൂലിച്ചത്. പുതുക്കിയ നിയമം ഹരിയാന, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ട്. കേരളവും നിയമം തല്‍ക്കാലം നടപ്പിലാക്കേണ്ട എന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. രാജ്യത്ത് ഇതിനോടകം നിരവധി പേരാണ് കുടുങ്ങിയത്. രണ്ട് ലക്ഷം വരെ ഒരാളില്‍ നിന്നും മാത്രം പിഴയിനത്തില്‍ ഈടാക്കിയിട്ടുണ്ട്.

Exit mobile version