കൈക്കൂലി ആവശ്യപ്പെട്ടു, നല്‍കാന്‍ പണമില്ല; തഹസീല്‍ദാറുടെ കാറില്‍ പോത്തിനെ കെട്ടി കര്‍ഷകന്റെ പ്രതിഷേധം

മധ്യപ്രദേശിലെ വിദിഷ ജില്ലിലെ സിരോഞ്ചിയിലാണ് സംഭവം

ഭോപ്പാല്‍: മധ്യപ്രദേശില്‍ കൈക്കൂലി നല്‍കാന്‍ പണമില്ലാത്തതിനെ തുടര്‍ന്ന് പോത്തിനെ തഹസീല്‍ദാറുടെ കാറില്‍ കെട്ടിയിട്ട് കര്‍ഷകന്റെ പ്രതിഷേധം. മധ്യപ്രദേശിലെ വിദിഷ ജില്ലിലെ സിരോഞ്ചിയിലാണ് സംഭവം. പതരിയ ഗ്രാമവാസിയായ ഭുപട് രഘുവംശി എന്ന കര്‍ഷകനാണ് പ്രതിഷേധ സൂചകമായി പോത്തിനെ തഹസീല്‍ദാറുടെ കാറില്‍ കെട്ടിയിട്ടത്.

കഴിഞ്ഞ ഏഴുമാസങ്ങള്‍ക്ക് മുമ്പ് തന്റെ കുടുംബസ്വത്തായി ലഭിച്ച ഭൂമി ഭാഗം വെക്കുന്നതുായി ബന്ധപ്പെട്ട് രേഖകള്‍ ഉള്‍പ്പെടെ അപേക്ഷ തഹസീല്‍ദാര്‍ക്ക് സമര്‍പ്പിച്ചു. ഇതിനായുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാന്‍ 25,000 രൂപയാണ് തഹസീല്‍ദാര്‍ ആവശ്യപ്പെട്ടതെന്നും ഇത് നല്‍കാന്‍ കഴിയാത്തതിനാലാണ് പ്രതിഷേധസൂചകമായി തന്റെ പോത്തിനെ തഹസീല്‍ദാറുടെ കാറില്‍ കെട്ടിയിട്ടതെന്നും രഘുവംശി പറഞ്ഞതായി പ്രമുഖ മാധ്യമമായ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം ഭൂമിയിടപാടുമായി ബന്ധപ്പെട്ട് നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ മൂന്നുമാസത്തെ കാലയളവ് വേണ്ടി വരുമെന്നും വില്ലേജ് അക്കൗണ്ടന്റിന്റെ റിപ്പോര്‍ട്ട് ലഭിക്കാത്തതിനാലാണെന്നും തഹസീല്‍ദാര്‍ സിദ്ധാന്ത് സിങ് സിങ്‌ല പറഞ്ഞു. താന്‍ കൈക്കൂലി ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഭവത്തെ തുടര്‍ന്ന് മുഖ്യമന്ത്രി കമല്‍നാഥ് ജില്ലാ കളക്ടര്‍ക്ക് അന്വേഷണത്തിന് ഉത്തരവിട്ടു.

തുടര്‍ന്ന് തഹസീല്‍ദാറിനെ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യുകയും വില്ലേജ് അക്കൗണ്ടന്റിനെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. മൂന്ന് ദിവസത്തിനകം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നും സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിന് നിര്‍ദ്ദേശം നല്‍കി.

Exit mobile version