3000 കോടിയുടെ പ്രതിമയോ? നിങ്ങളെന്താണ് ചെയ്യുന്നത് ഇന്ത്യ? മോഡി സര്‍ക്കാരിന്റെ ധൂര്‍ത്തിനെ പരിഹസിച്ച് അമേരിക്കന്‍ അവതാരകന്‍ ട്രെവര്‍ നോഹയും

ദ ഡെയ്ലി ഷോ എന്ന ടെലിവിഷന്‍ പരിപാടിയിലാണ് ട്രെവര്‍ പ്രതിമയുടെ ആവശ്യകത ചോദ്യം ചെയ്തത്.

വാഷിങ്ടണ്‍: ലോകത്തെ തന്നെ ഏറ്റവും ഉയരം കൂടിയ പ്രതിമ നിര്‍മ്മിച്ച് രാജ്യത്തിന്റെ യശ്ശസ് ഉയര്‍ത്താമെന്ന് പദ്ധതിയിട്ട കേന്ദ്ര സര്‍ക്കാരിനെ ട്രോളി അമേരിക്കന്‍ ടെലിവിഷനിലെ ആക്ഷേപഹാസ്യ പരിപാടിയുടെ അവതാരകന്‍ ട്രെവര്‍ നോഹയും.

3000 കോടി രൂപയുടെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ പ്രതിമാ നിര്‍മ്മാണത്തെ വിമര്‍ശിച്ച് ദ ഡെയ്ലി ഷോ എന്ന ടെലിവിഷന്‍ പരിപാടിയിലാണ് ട്രെവര്‍ പ്രതിമയുടെ ആവശ്യകത ചോദ്യം ചെയ്തത്.

ലോകത്തെ ഏറ്റവും നീളം കൂടിയ പുതിയൊരു മനുഷ്യനുണ്ട്. അദ്ദേഹം ഇന്ത്യക്കാരനാണ്, അദ്ദേഹത്തെ ഉണ്ടാക്കിയിരിക്കുന്നത് ചെമ്പു കൊണ്ടാണ് എന്നു പറഞ്ഞു കൊണ്ടാണ് പ്രതിമയെക്കുറിച്ചുള്ള വിശദാംശങ്ങളിലേക്ക് ട്രെവര്‍ കടക്കുന്നത്.

403 മില്ല്യണ്‍ ഡോളര്‍ ഡോളര്‍, 403 മില്ല്യണ്‍ ഡോളര്‍ ഒരു പ്രതിമയ്ക്ക്! നിങ്ങളെന്താണ് ചെയ്യുന്നത് ഇന്ത്യ? നിങ്ങള്‍ പ്രതിമ ഉണ്ടാക്കേണ്ടെന്ന് ഞാന്‍ പറയുന്നില്ല. പക്ഷെ നിങ്ങള്‍ക്കെന്തു കൊണ്ട് ഗാന്ധിയുടെ പ്രതിമ നിര്‍മ്മിച്ചു കൂടാ? അദ്ദേഹം പ്രശസ്തനല്ലേ? മാത്രമല്ല അദ്ദേഹം കുറച്ചു കൂടെ മെലിഞ്ഞ ആളുമാണ്. അതെ, അവര്‍ക്ക് അതുകൊണ്ട് പ്രതിമാ നിര്‍മ്മാണത്തിനാവശ്യമായ വസ്തുക്കളുടെ അളവ് കുറക്കാമായിരുന്നു. അതേ ഉയരം, പകുതി ചിലവ്, തന്റെ സത്വസിദ്ധമായ ഹാസ്യശൈലിയില്‍ ട്രെവര്‍ പറഞ്ഞു.

വീഡിയോയുടെ 2:31 മിനുട്ട് മുതലാണ് ഇന്ത്യയിലെ പ്രതിമയെക്കുറിച്ചുള്ള പ്രസ്താവന.

Exit mobile version