‘പിക്ചർ അഭി ബാക്കി ഹെ’ ; കേന്ദ്രസർക്കാരിന്റെ നൂറുദിന പ്രവർത്തനങ്ങൾ ട്രെയിലർ മാത്രം; ചിത്രം പൂർണ്ണമായും വരാനിരിക്കുന്നു; ആത്മവിശ്വാസം ചൊരിഞ്ഞ് മോഡി

ന്യൂഡൽഹി: കേന്ദ്ര സർക്കാർ അധികാരത്തിലേറി നൂറുദിനം പൂർത്തിയാക്കുന്ന വേളയിൽ തന്നിലും സഹപ്രവർത്തകരിലും അമിതാത്മവിശ്വാസം പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. സർക്കാരിന്റെ നൂറു ദിവസങ്ങളിലെ പ്രവർത്തനങ്ങൾ ട്രെയിലർ മാത്രമാണെന്നും ചിത്രത്തിന്റെ പൂർണ്ണരൂപം വരാനിരിക്കുകയാണെന്നും മോഡി പറഞ്ഞു. ഇനിയുള്ള വർഷങ്ങളിൽ തന്റെ മന്ത്രിസഭയുടെ പ്രവർത്തനങ്ങൾ എന്തൊക്കെയെന്ന് നേരിട്ട് കാണാമെന്നും അദ്ദേഹം പറഞ്ഞു.

ഷാരൂഖ് ഖാൻ ചിത്രത്തിലെ പ്രശസ്തമായ ‘പിക്ചർ അഭി ബാക്കി ഹെ മേരേ ദോസ്ത്’ എന്ന സംഭാഷണം പ്രസംഗത്തിൽ ഉൾപ്പെടുത്തിയാണ് മോഡി തന്റെ രണ്ടാം സർക്കാരിന്റെ മേന്മകൾ അവകാശപ്പെട്ടത്. മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന, ശക്തമായ സർക്കാരുമായിരിക്കുമെന്ന് തെരഞ്ഞെടുപ്പിന് മുൻപുതന്നെ ഉറപ്പ് നൽകിയിരുന്നതായും അദ്ദേഹം പറഞ്ഞു.

‘സർക്കാരിന്റെ പ്രവർത്തനങ്ങൾ മുൻവർഷത്തേതിനേക്കാൾ വേഗത്തിലായിരിക്കുമെന്നും ജനങ്ങളുടെ എല്ലാ അഭിലാഷങ്ങളും യാഥാർത്ഥ്യമാക്കുമെന്നും വാഗ്ദാനം ചെയ്തിരുന്നു. പൂർത്തിയാക്കിയ 100 ദിനങ്ങൾ അതിന്റെ വെറും ട്രെയിലർ മാത്രമാണ്. മുഴുവൻ സിനിമ വരാനിരിക്കുന്നതേയുള്ളൂ’, മോദി പറഞ്ഞു. ജാർഖണ്ടിൽ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുൻസർക്കാരുകളെ കടന്നാക്രമിക്കാനും മോഡി മറന്നില്ല. ാജ്യത്തെ കൊള്ളയടിച്ചവരെ ശിക്ഷിച്ചും രാജ്യത്തിന്റെ എല്ലാ മേഖലകളിലും പുരോഗതി ഉറപ്പാക്കിക്കൊണ്ടുമുള്ളതായിരുന്നു സർക്കാരിന്റെ പ്രവർത്തനങ്ങളെന്ന് മോഡി പറഞ്ഞു.

Exit mobile version