മകള്‍ ഉപേക്ഷിച്ചു പോയതാണോ…? ആവര്‍ത്തിക്കുന്ന ചോദ്യത്തില്‍ ഒടുവില്‍ മൗനം വെടിഞ്ഞ് രാണു മണ്ഡാല്‍

വിമര്‍ശനങ്ങള്‍ കടുത്തപ്പോഴും വിശദീകരണവുമായി മകള്‍ എത്തിയപ്പോഴും മൗനം പാലിച്ച രാണു ഇപ്പോള്‍ മനസ് തുറന്ന് രംഗത്തെത്തിയിരിക്കുകയാണ്.

മുംബൈ: റെയില്‍വെ പ്ലാറ്റ്‌ഫോമില്‍ ഇരുന്ന് പാട്ടുപാടി പ്രശസ്തിയുടെ കൊടുമുടിയിലേയ്ക്ക് കയറിയ രാണു മണ്ഡാലിനെ നാം മറന്ന് കാണുവാന്‍ ഇടയില്ല. മുഷിഞ്ഞ വസ്ത്രം ധരിച്ച് ചീകിയൊതുക്കാത്ത മുടിയുമായി നിന്ന രാണുവിനെയും ആ മധുര ശബ്ദത്തെയും കണ്ടെത്തിയത് സോഷ്യല്‍മീഡിയ ആയിരുന്നു. ശേഷമുള്ള അവരുടെ യാത്ര ഉയരങ്ങളിലേയ്ക്ക് മാത്രമായിരുന്നു. എല്ലാ സൗഭാഗ്യങ്ങളും വന്നതോടെ രാണുവിനെ ഉപേക്ഷിച്ചു പോയ പലരും തേടിയെത്തിയിരുന്നു. അതില്‍ വിവാദമായത് രാണുവിന്റെ മകള്‍ സതിയുടെ വരവായിരുന്നു.

ഈ തിരിച്ചു വരവിനെ രൂക്ഷമായാണ് പലരും വിമര്‍ശിച്ചത്. പണവും പേരും പ്രശസ്തിയും വന്നപ്പോള്‍ മാത്രം അമ്മയെ മതിയെന്നാണോ എന്ന ചോദ്യം വരെ ഉന്നയിച്ചവരും ഉണ്ട്. ഈ വിമര്‍ശനങ്ങള്‍ കടുത്തതോടെ വിശദീകരണവുമായി മകള്‍ സതി എത്തിയിരുന്നു. വിമര്‍ശനങ്ങള്‍ കടുത്തപ്പോഴും വിശദീകരണവുമായി മകള്‍ എത്തിയപ്പോഴും മൗനം പാലിച്ച രാണു ഇപ്പോള്‍ മനസ് തുറന്ന് രംഗത്തെത്തിയിരിക്കുകയാണ്.

‘ഭൂതകാലത്തുണ്ടായ സംഭവങ്ങളിലേക്കൊന്നും ഞാന്‍ പോകുന്നില്ല. പഴയതെല്ലാം ചികഞ്ഞെടുക്കുന്നതിനോട് എനിക്ക് യോജിപ്പില്ല. എല്ലാം ഈശ്വരന്റെ വിധി. നമുക്ക് നഷ്ടപ്പെട്ടതെല്ലാം ഒരിക്കല്‍ നമ്മളിലേക്ക് തന്നെ വന്നുചേര്‍ന്നേക്കാം’ രാണു പറയുന്നു. പശ്ചിമ ബംഗാളിലെ രണാഘട്ട് റെയില്‍വെ സ്റ്റേഷനിലിരുന്നാണ് രാണു പാടിയത്. ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ എത്തിയതോടെയാണ് ഒരു ഗായികയെ കൂടി നമുക്ക് ലഭ്യമായത്. രണ്ട് വിവാഹം കഴിച്ചിട്ടുണ്ട് രാണു. ഇതില്‍ ആദ്യ ഭര്‍ത്താവായ ബാബു മണ്ഡാലിന്റെ മകളാണ് സതി. ഈ വിവാഹത്തില്‍ ഒരു ആണ്‍കുട്ടി കൂടിയുണ്ട്. രണ്ടാമത്തെ വിവാഹത്തില്‍ രണ്ട് മക്കള്‍ കൂടിയുണ്ട്.

Exit mobile version