യുവാക്കൾ ഓൺലൈൻ ടാക്‌സി തെരഞ്ഞെടുക്കുന്നത് വാഹന വിപണിയെ തളർത്തിയെന്ന് ധനമന്ത്രി; ‘യുവാക്കളെ ബഹിഷ്‌കരിക്കൂ’ ഹാഷ്ടാഗ് ക്യാംപെയ്‌നുമായി തിരിച്ചടിച്ച് സോഷ്യൽമീഡിയ

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ചെറുപ്പക്കാർ യാത്രക്കായി ഊബറും ഓലയും തെരഞ്ഞെടുക്കുന്നതാണ്

ന്യൂഡൽഹി: യുവാക്കളാണ് വാഹനവിപണിയിലെ മാന്ദ്യത്തിന് കാരണമെന്ന കേന്ദ്ര ധനകാര്യമന്ത്രി നിർമ്മല സീതാരാമന്റെ പ്രസ്താവനയ്ക്ക് എതിരെ സമൂഹമാധ്യമങ്ങൾ. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ചെറുപ്പക്കാർ യാത്രക്കായി ഊബറും ഓലയും തെരഞ്ഞെടുക്കുന്നതാണ് വാഹന വിപണി മേഖലയിലെ പ്രതിസന്ധിക്ക് കാരണമെന്നായിരുന്നു ധനകാര്യമന്ത്രിയുടെ പ്രസ്താവന. ഇതോടെ, ‘യുവാക്കളെ ബഹിഷ്‌ക്കരിക്കൂ’ എന്നും #BoycottMillennials എന്നുമുള്ള ഹാഷ് ടാഗ് ട്രോളുകളുമായി സോഷ്യൽമീഡിയ രംഗത്തെത്തിയത്. ട്വിറ്ററിലുൾപ്പടെ ഈ ഹാഷ്ടാഗുകൾ ട്രെൻഡായി മാറി. 21-ാം നൂറ്റാണ്ടിലെ ആദ്യ പാദത്തിൽ അതായത് 1981 നും 1996നും ഇടയിൽ ജനിച്ചവരെയാണ് മില്ല്യനിയൽ (Millenniasl ) എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത്.

‘മില്ല്യനിയലുകളാണ് പുതിയ നെഹ്രു’, ‘കോൾ ഇന്ത്യയുടെ (coal india) ആയുസ് കുറവാണ്, കാരണം മില്ലേനിയലുകൾ ചാറ്റിംഗിനെ ഇഷ്ടപ്പെടുന്നു.’, ‘ലൈവായി കാണാൻ സാധിക്കുന്നത് കൊണ്ട് വിവാഹ ബ്രോക്കർമാരുടെ പണി പോയി’ തുടങ്ങിയ നൂറുകണക്കിന് ട്രോൾ സന്ദേശങ്ങളാണ് നിർമ്മലയുടെ പ്രസ്താവനയ്‌ക്കെതിരെ വന്നുകൊണ്ടിരിക്കുന്നത്.

ചൊവ്വാഴ്ച രണ്ടാം നരേന്ദ്ര മോഡി സർക്കാരിന്റെ നൂറ് ദിന ആഘോഷത്തോടനുബന്ധിച്ച് സർക്കാരിന്റെ നേട്ടങ്ങളെക്കുറിച്ച് സംസാരിക്കവെയായിരുന്നു ധനമന്ത്രിയുടെ പ്രസ്താവന.

Exit mobile version