ഭാര്യയ്ക്ക് സുഖമായി ഉറങ്ങാൻ 6 മണിക്കൂർ വിമാനത്തിൽ നിന്ന് യാത്ര ചെയ്ത് ഭർത്താവ്; കണ്ണ്‌നിറയ്ക്കും ഈ സ്‌നേഹം

ഭർത്താവിന്റെ ത്യാഗത്തിന്റെ വീഡിയോ 'ഇതാണ് സ്നേഹം' എന്ന അടിക്കുറിപ്പോടെ സോഷ്യൽമീഡിയയിൽ

ന്യൂഡൽഹി: ഭാര്യയ്ക്ക് നീണ്ടുനിവർന്ന് കിടക്കാനായി സ്വന്തം സീറ്റിൽ നിന്നും എഴുന്നേറ്റ് നിന്ന് ആറു മണിക്കൂർ വിമാനത്തിൽ യാത്ര ചെയ്ത് ഭർത്താവിന്റെ ത്യാഗം. വിമാന യാത്രയ്ക്കിടെ നിന്ന് യാത്ര ചെയ്ത ഈ ഭർത്താവിന്റെ ദൃശ്യങ്ങൾ വൈറലാവുകയാണ്. കാലിയായ മൂന്നു സീറ്റുകളിലായാണ് ഭാര്യയുടെ കിടപ്പ്. ഭർത്താവിന്റെ ത്യാഗത്തിന്റെ വീഡിയോ ‘ഇതാണ് സ്നേഹം’ എന്ന അടിക്കുറിപ്പോടെ സോഷ്യൽമീഡിയയിൽ വൈറലാവുകയാണ്. എന്നാൽ ഇതിനോട് വിയോജിപ്പ് പ്രകടിപ്പിച്ചും ചിലർ രംഗത്തെത്തി.

കോർട്ട്നീ ലീ ജോൺസൺ എന്നയാളാണ് ആദ്യം ഈ ചിത്രം ട്വീറ്റ് ചെയ്തത്. യാത്രയുടെ ദൂരത്തെ കുറിച്ചോ, എവിടേക്കാണ് യാത്രയെന്നോ ഒന്നും തന്നെ പങ്കുവെച്ചിരുന്നുമില്ല. ദമ്പതികളെ കുറിച്ചുള്ള വിവരവും ഇതിൽ ഉണ്ടായിരുന്നില്ല. ‘ഭാര്യയ്ക്ക് ഉറങ്ങാൻ ഇദ്ദേഹം ആറു മണിക്കൂർ നിൽക്കുകയായിരുന്നു. ഇതാണ് സ്നേഹം’ എന്നായിരുന്നു അടിക്കുറിപ്പ്.

ഈ മാസം ആറിന് പങ്കിട്ട ഈ ചിത്രം വലിയ ചർച്ചയാവുകയായിരുന്നു. ചിലർ ആ ഭർത്താവിന്റെ ത്യാഗത്തെയും സ്നേഹത്തേയും പലരും പ്രശംസിച്ചു. എന്നാൽ ഇത് സ്നേഹമല്ല, ആ സ്ത്രീയുടെ സ്വാർത്ഥതയാണെന്നാണ് മറ്റു ചിലരുടെ പ്രതികരണം. എന്തുകൊണ്ട് ആ സ്ത്രീക്ക് അദ്ദേഹത്തിന്റെ തോളിൽ ചാഞ്ഞ് ഉറങ്ങിക്കൂടായെന്ന് ഒരുകൂട്ടർ ചോദിക്കുകയും ചെയ്യുന്നു.

Exit mobile version