മോട്ടോർ വാഹന നിയമം പുതുക്കിയതിനു പിന്നാലെ പണികിട്ടി; അമിതഭാരം കയറ്റിയ ട്രക്ക് ഡൈവർക്ക് പിഴയിട്ടത് 1.41 ലക്ഷം രൂപ

മോട്ടോർ വാഹന നിയമം പുതുക്കിയതിന് ശേഷമുള്ള ഏറ്റവും ഉയർന്ന പിഴത്തുകയാണിത്.

ജയ്പൂർ: ട്രക്കിൽ അമിതഭാരം കയറ്റിയതിന് രാജസ്ഥാനിലെ ട്രക്ക് ഡ്രൈവർക്കും ഉടമയ്ക്കും പിഴയായി ഒടുക്കേണ്ടി വന്നത് 1.41 ലക്ഷം രൂപ. മോട്ടോർ വാഹന നിയമം പുതുക്കിയതിന് ശേഷമുള്ള ഏറ്റവും ഉയർന്ന പിഴത്തുകയാണിത്. പിഴ ചുമത്തിയതായി ട്രക്കിന്റെ ഉടമയായ ബിക്കാനർ സ്വദേശി ഹർമൻ റാം ഭാമ്പു തന്നെയാണ് വെളിപ്പെടുത്തിയത്.

അതേസമയം, നിയമപ്രകാരം പിഴ അടച്ചതിന് ശേഷമാണ് പിടിച്ചെടുത്ത ട്രക്ക് ഡൽഹി കോടതി ഉത്തരവിനെ തുടർന്ന് വിട്ടുനൽകിയത്. അനുവദനീയമായ അളവ് കഴിഞ്ഞുള്ള ആദ്യ ടണ്ണിന് 20,000 ഉം പിന്നീടുള്ള ഓരോ അധിക ടണ്ണിനും 2,000 രൂപ വീതവും ആർസി, പെർമിറ്റ് ലംഘനങ്ങൾക്ക് 10,000 രൂപ വീതവും അങ്ങനെ ആകെ മൊത്തം 70,800 രൂപയാണ് പിഴയിനത്തിൽ ട്രക്ക് ഡ്രൈവറുടെ പക്കൽ നിന്നും ഈടാക്കിയത്.

ഇതേ പിഴത്തുക ട്രക്കിന്റെ ഉടമയുടെ കയ്യിൽ നിന്നും ഈടാക്കി. ഇതോടെ നിയമലംഘനത്തിന്റെ പേരിൽ ഇവർക്ക് അടയ്‌ക്കേണ്ടി വന്നത് 1,41,600 രൂപയാണെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.

Exit mobile version