ന്യൂയോർക്കിൽ പോകാൻ വ്യാജപാസ്‌പോർട്ടുമായി 32 കാരൻ 81കാരന്റെ വേഷത്തിൽ വിമാനത്താവളത്തിൽ; ഒടുവിൽ കള്ളി വെളിച്ചത്തായി

വസ്ത്രധാരണവും നടത്തിയ യുവാവിനെ സിഐഎസ്എഫ് ഉദ്യോഗസ്ഥർ പിടികൂടുകയായിരുന്നു.

ന്യൂഡൽഹി: എൺപത്തിയൊന്നുകാരന്റെ പേരിലുണ്ടാക്കിയ വ്യാപാസ്‌പോർട്ടുമായി യുവാവ് വിമാനത്താവളത്തിൽ പിടിയിലായി. 32കാരനായ അഹമ്മദാബാദ് സ്വദേശിയായ ജയേഷ് പട്ടേലെന്ന യുവാവാണ് വൃദ്ധന്റെ വേഷത്തിൽ വിമാനത്താവളത്തിലെത്തി ആൾമാറാട്ടത്തിന് പിടിയിലായത്. ഡൽഹി വിമാനത്താവളത്തിൽ വെച്ചാണ് ജയേഷിനെ പിടികൂടിയത്. മുടിയും താടിയും നരച്ച വൃദ്ധനെന്ന് തോന്നിക്കുന്ന രീതിയിൽ കണ്ണട വെച്ച് വസ്ത്രധാരണവും നടത്തിയ യുവാവിനെ സിഐഎസ്എഫ് ഉദ്യോഗസ്ഥർ പിടികൂടുകയായിരുന്നു.

തലമുടിയും താടിയുമെല്ലാം നിറം ചെയ്ത് വീൽചെയറിൽ ന്യൂയോർക്കിലേക്കുള്ള യാത്രയ്ക്കായി ഡൽഹി വിമാനത്താവളത്തിലെത്തിയത്. 81 വയസുള്ള അമരിക് സിങ് എന്നയാളുടെ പേരിലുള്ള പാസ്പോർട്ടുമായാണ് യുവാവ് യാത്രയ്ക്കായി വിമാനത്താവളത്തിൽ എത്തിയത്.

വിമാനത്താവളത്തിലെ സുരക്ഷാപരിശോധനക്കിടെ വീൽ ചെയറിൽ നിന്ന് എഴുന്നേൽക്കാൻ സാധിക്കില്ലെന്നു പറഞ്ഞതോടെയാണ് ഇയാൾ ശ്രദ്ധിക്കപ്പെട്ടത്. ഉദ്യോഗസ്ഥരുടെ മുഖത്ത് നോക്കി സംസാരിക്കാതെ വിറച്ചു പോയ ഇയാളെ കുടുക്കിയതും ഈ പരിഭ്രമമാണ്. സംശയം തോന്നിയ ഉദ്യോഗസ്ഥർ നടത്തിയ വിശദമായ പരിശോധനയിലാണ് തട്ടിപ്പ് വ്യക്തമായത്.

ആൾമാറാട്ടം നടത്തിയതായി തിരിച്ചറിഞ്ഞതിനെ തുടർന്ന് ഇയാളെ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർക്ക് കൈമാറി. അതേസമയം എന്തിനാണ് ഇയാൾ വേഷം മാറി വ്യാജപാസ്‌പോർട്ടുമായി എത്തിയതെന്ന് വ്യക്തമായിട്ടില്ല.

Exit mobile version