കേന്ദ്രം വീട്ടുതടങ്കലിലാക്കിയ യൂസഫ് തരിഗാമിയെ ഡൽഹി എയിംസിലേക്ക് മാറ്റി

യെച്ചൂരി തരിഗാമിയെ ശ്രീനഗറിലുള്ള അദ്ദേഹത്തിന്റെ വസതിയിൽ ചെന്ന് കണ്ടതിന് ശേഷമായിരുന്നു

ന്യൂഡൽഹി: ജമ്മുകാശ്മീരിൽ കേന്ദ്ര സർക്കാരിന്റെ വീട്ടുതടവിൽ കഴിയുന്ന സിപിഎം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമിയെ ഡൽഹി എയിംസിലേക്ക് മാറ്റി. സുപ്രീംകോടതിയുടെ ഉത്തരവനുസരിച്ചാണ് നീക്കം. തിങ്കളാഴ്ച രാവിലെ ഡോക്ടറുടെയും ബന്ധുവിന്റെയും പോലീസ് ഉദ്യോഗസ്ഥന്റെയും സാന്നിധ്യത്തിലാണ് അദ്ദേഹത്തെ ഡൽഹിയിലെത്തിച്ചത് എന്നാണ് വിവരം.

സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി നൽകിയ ഹർജി പ്രകാരം ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗൊയ് ആണ് തരിഗാമിയെ അടിയന്തരമായി ഡൽഹിയിലെ ആശുപത്രിയിലേക്ക് മാറ്റണമെന്ന് ഉത്തരവിട്ടത്. യെച്ചൂരി തരിഗാമിയെ ശ്രീനഗറിലുള്ള അദ്ദേഹത്തിന്റെ വസതിയിൽ ചെന്ന് കണ്ടതിന് ശേഷമായിരുന്നു കോടതി ഉത്തരവ്.

ആർട്ടിക്കിൾ 371 റദ്ദാക്കി കാശ്മീരിനെ വിഭജിച്ചതിനു പിന്നാലെ ആഗസ്റ്റ് 5 മുതൽ കാശ്മീരിൽ വീട്ടുതടങ്കലിൽ നിരവധി നേതാക്കളാണ് കഴിയുന്നത്. പിന്നാലെ തരിഗാമിയെ സന്ദർശിക്കാനായി സുപ്രീംകോടതിയെ സമീപിച്ച സീതാറാം യെച്ചൂരിക്ക് അനുകൂലമായ ഉത്തരവാണ് ലഭിച്ചത്. യെച്ചൂരി നൽകിയ ഹേബിയസ് കോർപ്പസ് ഹർജി സ്വീകരിച്ച കോടതി രാജ്യത്തെ ഒരു പൗരന് സ്വന്തം സഹപ്രവർത്തകനെ കാണാൻ അവകാശമുണ്ടെന്ന് പറഞ്ഞാണ് കാശ്മീർ സന്ദർശനാനുമതി നൽകിയത്.

ആഗസ്റ്റ് നാലിന് തരിഗാമിയുമായി താൻ ഫോണിൽ സംസാരിച്ചിരുന്നെന്നും എന്നാൽ അതിനുശേഷം തരിഗാമിയെക്കുറിച്ച് യാതൊരു വിവരവുമില്ലെന്നുമാണ് യെച്ചൂരി കോടതിയെ അറിയിച്ചത്. തരിഗാമിയെക്കുറിച്ച് സർക്കാർ യാതൊരു വിവരവും നൽകുന്നില്ലെന്നും അദ്ദേഹം അറിയിച്ചിരുന്നു.

Exit mobile version