ഗോമൂത്രം ഉപയോഗിച്ച് കാന്‍സര്‍ പോലുള്ള മാരകരോഗങ്ങള്‍ക്ക് മരുന്നുണ്ടാക്കുന്നു; വിവാദ പരാമര്‍ശവുമായി കേന്ദ്ര ആരോഗ്യവകുപ്പ് സഹമന്ത്രി

ട്വിറ്ററിലൂടെയായിരുന്നു മന്ത്രിയുടെ വിവാദപരാമര്‍ശം

ഡല്‍ഹി: രാജ്യത്ത് മരുന്നുല്‍പ്പാദനത്തിന് ഗോമൂത്രം ഉപയോഗിക്കുന്നുവെന്ന വിവാദ പരാമര്‍ശവുമായി കേന്ദ്ര ആരോഗ്യവകുപ്പ് സഹമന്ത്രി അശ്വിനി ചൗബേ. ട്വിറ്ററിലൂടെയായിരുന്നു മന്ത്രിയുടെ വിവാദപരാമര്‍ശം.
ആയുഷ്മാന്‍ മന്ത്രാലയം ഗോമൂത്രം ഉപയോഗിച്ച് മരുന്നുകള്‍ വികസിപ്പിക്കുന്നതായും അശ്വിനി ചൗബേയുടെ ട്വീറ്റില്‍ പറയുന്നു.

കാന്‍സര്‍ പോലുള്ള മാരകരോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ അടക്കം നിരവധി മരുന്നുകള്‍ ഗോമൂത്രം ഉപയോഗിച്ചാണ് നിര്‍മ്മിക്കുന്നതെന്നും അദ്ദേഹം കുറിച്ചു. പ്രമുഖ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് ആരോഗ്യവകുപ്പ് സഹമന്ത്രി അശ്വിനി ചൗബേയുടെ വിവാദ പ്രസ്താവനയുടെ വീഡിയോ പുറത്തിറക്കിയത്.

വീഡിയോ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചാവിഷമായി. നിരവധി പേരാണ് വീഡിയോയ്ക്ക് പ്രതികരിച്ചത്. ഇത്തരത്തില്‍ മാരകരോഗങ്ങള്‍ക്ക് ഗോമൂത്രം ഉപയോഗിച്ച് മരുന്നുണ്ടാക്കാമെങ്കില്‍ ബിജെപി നേതാക്കള്‍ എന്തിനാണ് ചികിത്സയ്ക്കായി എയിംസിലും വിദേശരാജ്യങ്ങളിലേക്കും പോകുന്നതെന്ന് ട്വീറ്റിന് താഴെ ഒരാള്‍ കമന്റ് ചെയ്തു.

Exit mobile version