ചന്ദ്രയാൻ-2 തിരിച്ചടിയല്ല; നടക്കാതെ പോയത് ചെറിയ ഘട്ടം; ബാക്കിയായത് ഒട്ടേറെ ദൗത്യങ്ങൾ: ഐഎസ്ആർഒ ചെയർമാൻ

ലാൻഡറുമായുള്ള ബന്ധം പുനസ്ഥാപിക്കാൻ 14 ദിവസം കൂടി ശ്രമം തുടരുമെന്നും അദ്ദേഹം അറിയിച്ചു.

ബംഗളൂരു: ചന്ദ്രയാൻ ദൗത്യത്തിലെ അവസാനഘട്ടത്തിലെ തെന്നിമാറൽ ഐഎസ്ആർഒയ്ക്ക് തിരിച്ചടിയല്ലെന്ന് ഐഎസ്ആർഒ ചെയർമാൻ കെ ശിവൻ. ചന്ദ്രയാന്റെ നാമമാത്രമായ ഘട്ടമാണ് നടക്കാതെ പോയത്. വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്ന അവസാന ഘട്ടത്തിൽ സംഭവിച്ചതെന്തെന്ന് പരിശോധിക്കുകയാണ്. അവസാനഘട്ടം ശരിയായ രീതിയിൽ നടപ്പാക്കാനായില്ല. ആ ഘട്ടത്തിലാണ് ലാൻഡറിൽ നിന്നുള്ള സിഗ്‌നൽ നഷ്ടമായത്. അതിനു ശേഷം ആശയവിനിമയം പുനസ്ഥാപിക്കാനായില്ല. ലാൻഡറുമായുള്ള ബന്ധം പുനസ്ഥാപിക്കാൻ 14 ദിവസം കൂടി ശ്രമം തുടരുമെന്നും അദ്ദേഹം അറിയിച്ചു.

ഓർബിറ്റർ ഏഴു വർഷം ചന്ദ്രനെ ഭ്രമണം ചെയ്യും. നേരത്തെ പദ്ധതിയിട്ടത് ഒരു വർഷമാണ്. അപ്പോൾ ഇത് പദ്ധതിയിട്ടതിലും ആറു വർഷക്കാലം കൂടുതലാണ്. ഓർബിറ്ററിൽ നിലവിൽ ഇന്ധനം അധികമായുള്ളതിനാലാണ് ഈ സാഹചര്യം സാധ്യമായതെന്നും അദ്ദേഹം വിശദീകരിച്ചു.

ഓർബിറ്ററിന്റെ അധിക കാലപരിധി ചാന്ദ്രപഠനങ്ങൾക്കു കുതിപ്പേകുമെന്നും ഒട്ടേറെ ദൗത്യങ്ങൾ മുന്നിലുണ്ടെന്നും പറഞ്ഞ അദ്ദേഹം, പ്രധാനമന്ത്രി മോഡിയുടെ പിന്തുണയെ കുറിച്ചും വാചാലനായി. പ്രധാനമന്ത്രി മികച്ച പ്രോത്സാഹനവും പിന്തുണയുമാണ് നൽകുന്നത്. അദ്ദേഹം വലിയ പ്രചോദനമാണ്. ഫലങ്ങളായല്ല, പരീക്ഷണങ്ങളായാണ് ശാസ്ത്രത്തെ കാണേണ്ടതെന്നും പരീക്ഷണങ്ങൾ ഫലം നൽകുമെന്നും പ്രധാനമന്ത്രി പറഞ്ഞത് ശ്രദ്ധേയമാണെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version