സര്‍ക്കാരിനെ വിമര്‍ശിക്കുന്നത് രാജ്യദ്രോഹക്കുറ്റമല്ല; വിമര്‍ശനങ്ങളെ അടിച്ചൊതുക്കാന്‍ ശ്രമിച്ചാല്‍ പോലീസ് രാജ് ആകുമെന്നും സുപ്രീംകോടതി ജഡ്ജി

ഏറ്റവും മുഖ്യമായ അവകാശങ്ങളിലൊന്നാണ് വിയോജിക്കാനുള്ള സ്വാതന്ത്ര്യമെന്നും, വിമര്‍ശനങ്ങളെ അടിച്ചൊതുക്കാന്‍ ശ്രമിച്ചാല്‍ പോലീസ് രാജാകുമെന്നും അദ്ദേഹം പറഞ്ഞു.

അഹമ്മദാബാദ്: സര്‍ക്കാരിനെയും ജുഡീഷ്യറിയെയും സൈന്യത്തെയും വിമര്‍ശിക്കുന്നത് രാജ്യദ്രോഹക്കുറ്റമല്ലെന്ന് ജസ്റ്റിസ് ദീപക് ഗുപ്ത. ആവിഷ്‌കാര സ്വാതന്ത്ര്യവും രാജ്യദ്രോഹവും എന്ന വിഷയത്തില്‍ അഹമ്മദാബാദില്‍ സംഘടിപ്പിച്ച ശില്‍പശാലയില്‍ സംസാരിക്കുകയായിരുന്നു ജസ്റ്റിസ് ദീപക് ഗുപ്ത.

ഇന്ത്യന്‍ പൗരനെന്ന നിലയില്‍ അധികാരത്തിലിരിക്കുന്ന സര്‍ക്കാരിനെ വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട്. ജൂഡീഷ്യറിയും വിമര്‍ശനത്തിന് അതീതമല്ല. ജുഡീഷ്യറി, എക്‌സിക്യൂട്ടീവ്, സൈന്യം എന്നിവക്കെതിരെയുള്ള വിമര്‍ശനങ്ങളെ രാജ്യദ്രോഹമായി കണക്കാക്കാനാകില്ല. ഏറ്റവും മുഖ്യമായ അവകാശങ്ങളിലൊന്നാണ് വിയോജിക്കാനുള്ള സ്വാതന്ത്ര്യമെന്നും, വിമര്‍ശനങ്ങളെ അടിച്ചൊതുക്കാന്‍ ശ്രമിച്ചാല്‍ പോലീസ് രാജാകുമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യദ്രോഹക്കുറ്റത്തിന്റെ ദുരുപയോഗം സ്വാതന്ത്ര്യസമര നേതാക്കള്‍ നമുക്ക് നേടിത്തന്ന അടിസ്ഥാന തത്വത്തിന് എതിരാണ്. ഭൂരിപക്ഷ വാദം നിയമമാക്കാന്‍ പറ്റില്ലെന്നും ന്യൂനപക്ഷങ്ങള്‍ക്കും അവരുടെ ആവശ്യങ്ങളും അവകാശങ്ങളും പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നിലവിലെ സാമൂഹികാവസ്ഥകളോട് വിയോജിക്കുമ്പോഴാണ് പുതിയ ചിന്തകള്‍ ഉണ്ടാകുന്നത്. പുതിയ ചിന്തകളും ആചാരങ്ങളുമെല്ലാം ഉണ്ടാകുന്നത് പഴയതിനെ ചോദ്യം ചെയ്യുമ്പോഴാണ്. കാലപ്പഴക്കമുള്ള നിയമങ്ങളിലും സമ്പ്രദായങ്ങളിലും കടിച്ചു തൂങ്ങുമ്പോള്‍ സമൂഹം ക്ഷയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version