തലച്ചോറിന്റെ പരിക്ക് ഭേദമാക്കാൻ ‘മന്ത്ര’ത്തിന് സാധിക്കുമോ; പഠനം നടത്താൻ കേന്ദ്രസർക്കാരിന്റെ ഫണ്ട്; ഡൽഹിയിൽ പരീക്ഷണം നടത്തി ഡോക്ടറും

കേന്ദ്രസർക്കാർ അനുവദിച്ച ഫണ്ടുകൊണ്ട് നടത്തുന്ന പഠനത്തിന്റെ ഭാഗമായാണ് ഇത്തരമൊരു ചികിത്സ നൽകിയതെന്നാണ് വിവരം.

ന്യൂഡൽഹി: ഡൽഹിയിലെ രാം മനോഹർ ലോഹ്യ ആശുപത്രിയിൽ തലച്ചോറിന് ക്ഷതമേറ്റ് അബോധാവസ്ഥയിലായ രോഗിക്ക് മൃത്യുജ്ഞയ മന്ത്ര ‘ചികിത്സ’ നൽകിയതായി റിപ്പോർട്ട്. കേന്ദ്രസർക്കാർ അനുവദിച്ച ഫണ്ടുകൊണ്ട് നടത്തുന്ന പഠനത്തിന്റെ ഭാഗമായാണ് ഇത്തരമൊരു ചികിത്സ നൽകിയതെന്നാണ് വിവരം.

2014ൽ എഐഐഎംഎസിലെ ന്യൂറോഫാർമകോളജിസ്റ്റായ ഡോ. അശോക് കുമാറാണ് ഇത്തരമൊരു പഠനത്തിന് നിർദേശം നൽകിയത്. ‘തലച്ചോറിനേറ്റ ഗുരുതര ക്ഷതവുമായി ബന്ധപ്പെട്ട ചികിത്സയുടെ ഫലം നിശ്ചയിക്കുന്നതിൽ പ്രാർത്ഥനകൾക്കുള്ള പങ്ക് ‘ എന്ന വിഷയത്തിൽ പഠനം നടക്കണമെന്നായിരുന്നു അശോക് കുമാർ ആവശ്യപ്പെട്ടതെന്ന് കാരവൻ റിപ്പോർട്ട് ചെയ്യുന്നു

ഋഗ്വേദത്തിലെ ഒരു മന്ത്രമാണ് മഹാമൃത്യുജ്ഞയ മന്ത്രം. ഈ മന്ത്രം ചൊല്ലുന്നത് തലച്ചോറിന് ഗുരുതരമായ ക്ഷതമേറ്റ രോഗികളുടെ ആരോഗ്യ നില മെച്ചപ്പെടുത്താൻ സഹായിക്കുമോയെന്ന് പരിശോധിക്കുന്നതായിരുന്നു അശോക് കുമാറിന്റെ പഠനം. ഈ പഠനം നടത്തുന്നതിനായി കുമാർ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിൽ റിസർച്ച് ഫെലോഷിപ്പിനായി അപേക്ഷിച്ചിട്ടുണ്ട്. 2016 മാർച്ചിൽ ഐസിഎംആർ ഫെലോഷിപ്പ് അംഗീകരിക്കുകയും മാസം 28000 രൂപവീതം പഠനത്തിനായി അനുവദിക്കുകയും ചെയ്തു. 2016 ഒക്ടോബർ മുതൽ ഒരു വർഷത്തേക്കാണ് ഫണ്ട് അനുവദിച്ചത്. പിന്നീട് ഇത് രണ്ടുവർഷത്തേക്കു കൂടി പുതുക്കാം.

താൻ ജോലി ചെയ്യുന്ന എയിംസിൽ ഈ പ്രോജക്ട് നടത്താമെന്നായിരുന്നു തുടക്കത്തിൽ കുമാർ നിർദേശിച്ചത്. എന്നാൽ എയിംസിന്റെ എത്തിക്സ് കമ്മിറ്റി പ്രോജക്ട് അശാസ്ത്രീയം എന്നു പറഞ്ഞ് തള്ളിക്കളയുകയായിരുന്നു. അതോടെ പഠനം രാം മനോഹർ ലോഹ്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പഠനത്തിന്റെ വിവിധ ലക്ഷ്യങ്ങൾ സംബന്ധിച്ച് കുമാറിനോട് ആറ് റൗണ്ട് ചോദ്യങ്ങൾ ഉയർത്തിയശേഷം ആർഎംഎൽ ഈ പ്രോജക്ടിന് അനുമതി നൽകി. ‘മറ്റുള്ളവരുടെ പ്രാർത്ഥനയ്ക്ക് മസ്തിഷ്‌കത്തിന് ഗുരുതരമായ ക്ഷതമേറ്റ രോഗിയുടെ ചികിത്സയിൽ നേരിട്ടോ അല്ലാതെയോ സ്വാധീനമുണ്ടാക്കാൻ കഴിയുമോയെന്ന് പരിശോധിക്കാനാണ്’ തന്റെ പഠനമെന്നാണ് അശോക് കുമാർ അന്ന് വിശദീകരണം നൽകിയത്.

Exit mobile version