ജെഎന്‍യുവില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു; ആദ്യഘട്ടത്തില്‍ മുന്‍തൂക്കം ഇടതിനു തന്നെ, ഏറെ പിന്നില്‍ എബിവിപി, വിധി കാത്ത് രാഷ്ട്രീയലോകം

ഫലം ഔദ്യോഗികമായി പ്രഖ്യാപിക്കാനാവില്ലെങ്കിലും വിദ്യാര്‍ത്ഥിയൂണിയന്‍ ആരു നേടിയെന്ന് ഇന്ന് ഉച്ചയോടെ അറിയാനാവുമെന്നാണ് പ്രതീക്ഷ.

ന്യൂഡല്‍ഹി: ഏറെ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ജെഎന്‍യുവില്‍ വോട്ടെണ്ണല്‍ ആരംഭിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് 12മണിയോടെ ആരംഭിച്ച വോട്ടെണ്ണല്‍ രാത്രി എട്ടരയായിട്ടും എണ്ണി തീര്‍ന്നില്ല. ഫലപ്രഖ്യാപനം കോടതിയിലേയ്ക്ക് നീണ്ടതോടെയാണ് വോട്ടെണ്ണലില്‍ അനിശ്ചതത്വമുണ്ടായത്. തങ്ങളുടെ നാമനിര്‍ദേശപത്രികകള്‍ അകാരണമായി തള്ളിയെന്നു ചൂണ്ടിക്കാട്ടി രണ്ടു വിദ്യാര്‍ത്ഥികള്‍ കോടതിയെ സമീപിച്ചതാണ് ഫലപ്രഖ്യാപനത്തില്‍ പ്രതിസന്ധി ഉടലെടുത്തത്.

കേസ് വീണ്ടും പരിഗണിക്കുന്നതുവരെ ഫലപ്രഖ്യാപനം പാടില്ലെന്നു ഹൈക്കോടതി ഉത്തരവിടുകയായിരുന്നു. ഇനി 17-നുമാത്രമേ കേസു പരിഗണിക്കൂ. ഈ സാഹചര്യത്തില്‍ അതുവരെ ജെഎന്‍യു വിദ്യാര്‍ത്ഥിയൂണിയന്‍ തെരഞ്ഞെടുപ്പുഫലം പ്രഖ്യാപിക്കാനാവില്ല. എന്നാല്‍, നിയമപരമായ മറ്റു മാര്‍ഗങ്ങളും തേടുന്നതായി അധികൃതര്‍ അറിയിച്ചു. അനിശ്ചിതത്വമായതിനാല്‍ വോട്ടെടുപ്പു പൂര്‍ത്തിയായ വെള്ളിയാഴ്ച രാത്രി വോട്ടെണ്ണല്‍ തുടങ്ങിയില്ല. ഉച്ചയ്ക്കു 12 മണിക്ക് വോട്ടെണ്ണല്‍ ആരംഭിച്ചെങ്കിലും ഏറെ ഇഴഞ്ഞാണ് നീങ്ങുന്നത്. മൊത്തം 5762 വോട്ടുകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഇതില്‍ സ്‌കൂള്‍ ഓഫ് ലാംഗ്വേജസിലെ വോട്ടുകളാണ് ആദ്യം എണ്ണിത്തുടങ്ങിയത്. ആദ്യഘട്ടത്തില്‍ ഇടത് സഖ്യത്തിനു തന്നെയാണ് നേട്ടം. എണ്ണിയിടത്തെല്ലാം എബിവിപി രണ്ടാമതാണ്. ഇരുവരും തമ്മില്‍ കടുത്ത മത്സരം തന്നെയാണ് നടക്കുന്നത്. പ്രസിഡന്റ് സ്ഥാനത്തേക്ക് ഐഷി ഘോഷ് എസ്എഫ്‌ഐ 178 വോട്ടുകള്‍ക്ക് മുന്നിട്ടുനില്‍ക്കുകയാണ്. അതേസമയം എബിവിപി 55 വോട്ടുകളാണ് നേടിയത്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് സാകേത് മൂണ്‍ (ഡിഎസ്എഫ്) 235 വോട്ടുനേടി. എബിവിപി സ്ഥാനാര്‍ത്ഥി 74 വോട്ടുനേടി. ഇടതുസഖ്യത്തില്‍ ജനറല്‍ സെക്രട്ടറിയായി മത്സരിക്കുന്ന ഐസയിലെ സതീഷ് ചന്ദ്ര യാദവ് 178 വോട്ടുനേടി മുന്നിലായിരുന്നു.

എബിവിപി 78 വോട്ടുനേടി. ജോ. സെക്രട്ടറി സ്ഥാനാര്‍ത്ഥി മുഹമ്മദ് ഡാനിഷ് (എഐഎസ്എഫ്.) 232 വോട്ടുനേടിയും മുന്നിലെത്തി. ഈ സ്ഥാനത്തേക്ക് എബിവിപി 72 വോട്ടുംനേടി. കടുത്ത പോരാട്ടം തന്നെ അരങ്ങേറുന്ന സാഹചര്യത്തില്‍ വിധി എന്താവുമെന്നറിയാന്‍ കാത്തിരിക്കുകയാണ് രാഷ്ട്രീയലോകവും. ഫലം ഔദ്യോഗികമായി പ്രഖ്യാപിക്കാനാവില്ലെങ്കിലും വിദ്യാര്‍ത്ഥിയൂണിയന്‍ ആരു നേടിയെന്ന് ഇന്ന് ഉച്ചയോടെ അറിയാനാവുമെന്നാണ് പ്രതീക്ഷ.

Exit mobile version