ചന്ദ്രയാൻ-2 ദൗത്യം ഞങ്ങൾക്കും പ്രചോദനം; ഇതൊരു പരാജയമല്ല; ഐഎസ്ആർഒയെ വാനോളം വാഴ്ത്തി നാസ

ഇന്ത്യയുടെ ദൗത്യം വൻ വിജയമായിരുന്നു എന്നാണ് നാസയുടെ ഗവേഷകരെല്ലാം അഭിപ്രായപ്പെട്ടത്.

ബംഗളൂരു: ഇന്ത്യയുടെ ചന്ദ്രയാൻ-2 ദൗത്യം പ്രതീക്ഷിച്ച വിജയം നേടിയില്ലെങ്കിലും ഇസ്രോയ്ക്ക് അഭിനന്ദനവുമായി യുഎസിന്റെ ബഹിരാകാശ ഏജൻസി നാസ. അവസാന നിമിഷം വിക്രം ലാൻഡറുമായി ബന്ധം നഷ്ടപ്പെട്ടെങ്കിലും ഇന്ത്യയുടെ ദൗത്യം വൻ വിജയമായിരുന്നു എന്നാണ് നാസയുടെ ഗവേഷകരെല്ലാം അഭിപ്രായപ്പെട്ടത്.

ബഹിരാകാശ ദൗത്യങ്ങളെല്ലാം കഠിനമാണെന്നും ഐഎസ്ആർഒയുടെ നേട്ടങ്ങൾ തങ്ങളെ പ്രചോദിപ്പിക്കുന്നതാണ് എന്നുമാണ് ഐഎസ്ആർഒയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്തുകൊണ്ട് നാസ കുറിച്ചത്. ചന്ദ്രനിൽ സോഫ്റ്റ് ലാൻഡ് ചെയ്യാനുള്ള ശ്രമത്തിനിടെ നിരവധി തവണ പരാജയം നേരിടേണ്ടി വന്ന നാസയുടെ വാക്കുകൾ ഇന്ത്യയ്ക്കും ഐഎസ്ആർഒയ്ക്കും ആശ്വാസം തന്നെയാണ്. ദൗത്യത്തിന്റെ 95 ശതമാനവും വിജയം നേടിയ ചന്ദ്രയാൻ-2 വൻ വിജയം തന്നെയാണെന്നാണ് നാസയുടെ വാക്കുകൾ.

‘ബഹിരാകാശ ദൗത്യങ്ങളെല്ലാം ഏറെ ബുദ്ധിമുട്ടേറിയതാണ്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ലാൻഡർ ഇറക്കാനുള്ള ഐഎസ്ആർഒയുടെ ദൗത്യത്തെ പ്രശംസിക്കുന്നു. നിങ്ങളുടെ ബഹിരാകാശ ദൗത്യങ്ങൾ ഞങ്ങളെ പ്രചോദിപ്പിക്കുന്നു. ഭാവി ബഹിരാകാശ പദ്ധതികൾ നമുക്ക് ഒന്നിച്ച് യാഥാർഥ്യമാക്കാം’ ഇതായിരുന്നു നാസ ട്വീറ്റ്.

Exit mobile version