തെന്നിമാറി രാജ്യത്തിന്റെ സ്വപ്നം; ചന്ദ്രയാൻ-2ൽ നിന്നും സിഗ്നൽ ലഭിച്ചില്ല

2.1 കിലോമീറ്റർ അകലെ തെന്നിമാറി രാജ്യത്തിന്റെ സ്വപ്നം; ചന്ദ്രയാൻ-2ൽ നിന്നും സിഗ്നൽ ഇതുവരെ ലഭിച്ചില്ല; ഐഎസ്ആർഒ പരിശോധിക്കുന്നു

ബംഗളൂരു: ഇന്ത്യയുടെ അഭിമാന പദ്ധതി ചന്ദ്രയാൻ-2 അനിശ്ചിതത്വത്തിൽ. ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്തുകയായിരുന്ന വിക്രം ലാൻഡറുമായുള്ള ബന്ധം ചന്ദ്രോപരിതലത്തിൽ നിന്നും 2.1 കിലോമീറ്റർ അകലത്തിൽ വെച്ച് നഷ്ടമാവുകയായിരുന്നു. ലക്ഷ്യത്തിന്റെ അവസാനഘട്ടത്തിൽ വെച്ചാണ് സിഗ്നലുകൾ നഷ്ടമായത്. ചന്ദ്രോപരിതലത്തിന് 2.1 കിലോമീറ്റർ ഉയരത്തിൽ വരെ സിഗ്‌നലുകൾ ലഭിച്ചെന്നും തുടർന്നു ബന്ധം നഷ്ടമാകുകയായിരുന്നുവെന്നും ഇസ്‌റോ (ഇന്ത്യൻ ബഹിരാകാശ ഗവേഷണസംഘടന) ചെയർമാൻ ഡോ. കെ. ശിവൻ പുലർച്ചെ 2.18ന് അറിയിച്ചു. സാങ്കേതിക വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല.

ലാൻഡിങ് വിജയകരമായോ എന്നതിനെ കുറിച്ച് ഇനിയും വ്യക്തത വന്നിട്ടില്ല. എങ്കിലും ചന്ദ്രയാൻ-2 ദൗത്യത്തിന്റെ പ്രധാനഭാഗമായ ഓർബിറ്റർ ഒരുവർഷത്തേക്കു ചന്ദ്രനെ വലംവച്ചു നിരീക്ഷണം തുടരും. ലാൻഡർ ലക്ഷ്യം കാണാതിരുന്നാൽ ഇതിനുള്ളിലെ റോവർ പ്രവർത്തനരഹിതമാകുന്നതാണ് ഇസ്‌റോയെ ആശങ്കയിലാക്കുന്നത്.

അതേസമയം, ചന്ദ്രോപരിതലത്തിന് 2.1 കിലോമീറ്റർ അടുത്തുവരെ എത്തിയ ലാൻഡർ എവിടേയെങ്കിലും ഇടിച്ചിറങ്ങിയോ മറ്റെവിടേയെങ്കിലും വിജയകരമായി ഇറങ്ങിയോ ചന്ദ്രനിലെ ഗർത്തങ്ങളിലെവിടെയെങ്കിലും പെട്ടുപോയോ എന്നീ മൂന്ന് സാധ്യതകളാണ് ശാസ്ത്രജ്ഞർ ഇനി പരിശോധിക്കുന്നത്. സുരക്ഷിതമായി ഇറങ്ങിയെങ്കിൽ പിന്നീട് സിഗ്‌നൽ ലഭിക്കാനും സാധ്യതയുണ്ട്. ഇതിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകം.

ഇന്നു പുലർച്ചെ 1.39 നാണു ലാൻഡറിനെ ചന്ദ്രോപരിതലത്തിൽ ഇറക്കാനുള്ള സോഫ്റ്റ് ലാൻഡിങ് പ്രക്രിയ തുടങ്ങിയത്. ലാൻഡർ ചന്ദ്രന്റെ 30 കിലോമീറ്റർ അടുത്തെത്തിയതോടെ സോഫ്റ്റ് ലാൻഡിങ്ങിനുള്ള ജ്വലനം ആരംഭിച്ചു. ലാൻഡറിൽ ഘടിപ്പിച്ചിട്ടുള്ള 800 ന്യൂട്ടൻ ശേഷിയുള്ള 5 ത്രസ്റ്ററുകൾ എതിർദിശയിൽ ജ്വലിപ്പിച്ചതോടെ സെക്കൻഡിൽ 6 കിലോമീറ്റർ എന്നതിൽനിന്നു പൂജ്യത്തിലേക്കു വേഗം കുറയ്ക്കാനായി. തുടർന്നു 1.52നു ഫൈൻ ബ്രേക്കിങ് ഘട്ടം തുടങ്ങുന്നതു വരെ സിഗ്‌നലുകൾ ലഭിച്ചു. ശേഷം ബംഗളൂരു പീനിയയിലെ ഇസ്‌റോ കേന്ദ്രത്തിൽ സിഗ്‌നലുകൾക്കായി കാത്തിരുന്നെങ്കിലും അനിശ്ചിതത്വം തുടർന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡി സോഫ്റ്റ് ലാൻഡിങ്ങിനു സാക്ഷ്യം വഹിക്കാൻ നേരിട്ടെത്തിയിരുന്നു.

ചന്ദ്രോപരിതലത്തിലെ സോഫ്റ്റ് ലാൻഡിങ് ദൗത്യങ്ങളിൽ 37 % മാത്രമാണ് ഇതുവരെ വിജയിച്ചിട്ടുള്ളത്. ലാൻഡിങ്ങിനായി ഇസ്‌റോ തിരഞ്ഞെടുത്ത ദക്ഷിണധ്രുവം ശരിക്കും ശാസ്ത്രജ്ഞർക്ക് ഒരു വെല്ലുവിളിയാണ്. ഇവിടേക്ക് മറ്റൊരു ദൗത്യവും കടന്നുചെന്നിട്ടില്ലാത്തതുകൊണ്ടു തന്നെ ശാസ്ത്രജ്ഞർക്കു ധാരണ കുറവുള്ള മേഖലയാണിത്. ലാൻഡറിനെ കുറിച്ച് ഇതുവരെ വിവരങ്ങൾ ലഭിച്ചിട്ടില്ലെങ്കിലും അവസാനഘട്ടം വരെയെത്തിയ ചന്ദ്യാൻ രാജ്യത്തിന് പ്രതീക്ഷകൾ തന്നെയാണ് സമ്മാനിക്കുന്നത്.

Exit mobile version