വിവാഹം കഴിക്കാതെ ഒരുമിച്ച് ജീവിക്കുന്നത് രാജ്യത്ത് നിരോധിക്കണം, അങ്ങനെ ജീവിക്കുന്ന പെണ്ണുങ്ങള്‍ വെപ്പാട്ടിക്ക് തുല്ല്യം; മനുഷ്യാവകാശ കമ്മീഷന്‍ തലവന്‍

അത്തരം ബന്ധങ്ങള്‍ നിരോധിക്കേണ്ട സമയം അതിക്രമിച്ചു.

ജയ്പുര്‍: വിവാഹം കഴിക്കാതെ ഒരുമിച്ച് ജീവിക്കുന്നത് രാജ്യത്ത് നിരോധിക്കണമെന്ന ആവശ്യവുമായി രാജസ്ഥാന്‍ മനുഷ്യാവകാശ കമ്മീഷന്‍. കമ്മീഷന്‍ അധ്യക്ഷന്‍ മഹേഷ് ചന്ദ്ര ശര്‍മ, ജസ്റ്റിസ് പ്രകാശ് താന്തിയ എന്നിവരുടെ ബെഞ്ചിന്റേതാണ് പരാമര്‍ശം. കൂടാതെ വിവാഹം കഴിക്കാതെ ഒരുമിച്ച് ജീവിക്കുന്ന പെണ്ണുങ്ങള്‍ വെപ്പാട്ടിക്ക് തുല്ല്യമാണെന്ന ഗുരുതര പ്രസ്താവനയും നടത്തിയിട്ടുണ്ട്.

മയിലുകള്‍ ഇണചേരില്ല, പകരം ഇണയുടെ കണ്ണുനീര്‍ കുടിച്ചാണ് പ്രത്യുത്പാദനം നടത്തുകയെന്ന പ്രസ്താവന രാജസ്ഥാന്‍ ഹൈക്കോടതി ജഡ്ജിയായിരിക്കെ മഹേഷ് ചന്ദ്ര ശര്‍മ്മ നടത്തിയിരുന്നു. അത് വലിയ വിവാദത്തിലാണ് കലാശിച്ചത്. അത്തരം മൃഗതുല്യമായ ജീവിതം ഭരണഘടന നല്‍കിയിരിക്കുന്ന അടിസ്ഥാന അവകാശങ്ങള്‍ക്കും സ്ത്രീകളുടെ അവകാശങ്ങള്‍ക്കും എതിരാണ് എന്നും വിവാഹം കഴിക്കാതെ ഒരുമിച്ചു ജീവിക്കുന്നതിനെ എതിര്‍ത്തുകൊണ്ട് ജസ്റ്റിസ് മഹേഷ് ചന്ദ്ര പറഞ്ഞു.

‘അത്തരം ബന്ധങ്ങള്‍ നിരോധിക്കേണ്ട സമയം അതിക്രമിച്ചു. കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും സര്‍ക്കാരുകളുടെ ഉത്തരവാദിത്വമാണ് അത്തരം ബന്ധങ്ങളെ നിരുത്സാഹപ്പെടുത്തുക എന്നത്, മഹേഷ് ചന്ദ്ര പറയുന്നു. വിവാഹം കഴിക്കാതെ ജീവിക്കുന്ന സ്ത്രീകള്‍ ഗാര്‍ഹിക പീഡനത്തിനിരയാവുന്നതും അത്തരം കേസുകളില്‍ സ്ത്രീകള്‍ക്ക് നീതിനിഷേധിക്കപ്പെടുന്നതും ചൂണ്ടിക്കാട്ടിയായിരുന്നു വിവാദ പരാമര്‍ശം.

അതേസമയം 2005ലെ ഗാര്‍ഹിക പീഡന നിരോധന നിയമത്തില്‍ വിവാഹം കഴിക്കാതെ പങ്കാളിക്കൊപ്പം ഒരുമിച്ചു ജീവിക്കുന്ന സ്ത്രീകളെ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും സുപ്രീം കോടതി തന്നെ ഇക്കാര്യം പല തവണ വ്യക്തമാക്കിയിട്ടുണ്ടെന്നും സാമൂഹിക പ്രവര്‍ത്തക കവിത ശ്രീവാസ്തവ പരാമര്‍ശത്തിന് മറുപടി നല്‍കി.

Exit mobile version