കണ്ടു, പ്രണയിച്ചു, ഒരുമിച്ചു ജീവിച്ചു 37 വർഷം; ഒടുവിൽ വരണമാല്യം ചാർത്തി ചോമണ്ണനും ഓമനയും, വിവാഹം കാണാനാവാതെ 3 മക്കളും

രാജപുരം: ജോലി സ്ഥലത്തു വച്ചു കണ്ട് പ്രണയിച്ച് ഒരുമിച്ച് താമസം തുടങ്ങിയപ്പോൾ ചോമണ്ണൻ നായ്ക്കും ഓമനയും അറിഞ്ഞിരുന്നില്ല, വർഷങ്ങൾ കടന്നുപോയത്. നീണ്ട 37 വർഷക്കാലമാണ് ഇരുവരും ഒരുമിച്ച് ജീവിച്ചത്. ഇപ്പോൾ വർഷങ്ങൾക്ക് ശേഷം ഇരുവരും വീണ്ടും ഒന്നിച്ചിരിക്കുകയാണ് വിവാഹത്തിലൂടെ. കഴിഞ്ഞ ദിവസമാണ് ചോമണ്ണനും ഓമനയും പരസ്പരം വരണമാല്യം ചാർത്തിയത്.

സമുദായ ആചാര പ്രകാരം പനത്തടി പെരുതടി മഹാദേവ ക്ഷേത്രത്തിൽ ധാരാ കല്യാണം നടത്തുകയായിരുന്നു. മാതാപിതാക്കളുടെ വിവാഹത്തിനു സാക്ഷികളാകാൻ പക്ഷേ, മക്കൾക്കു കഴിഞ്ഞില്ല. ആചാരമനുവദിക്കാത്തതിനാൽ അതു വേണ്ടന്നു വയ്ക്കുകയായിരുന്നു. ഇവർക്ക് മൂന്നു മക്കളാണുള്ളത്. ഇവരുടെയും വിവാഹം കഴിഞ്ഞതാണ്.

പനത്തടി പഞ്ചായത്തിലെ കോളിച്ചാൽ മാട്ടക്കുന്ന് പട്ടിക വർഗ കോളനിയിലെ മറാഠി സമുദായത്തിൽപെട്ട ചോമണ്ണൻ നായ്ക്കിന് 65 വയസ്സും ഓമനയ്ക്ക് 58 വയസ്സുമുണ്ട്. സഹോദരൻ അണ്ണയ്യ നായ്ക്കരാണു പിതാവിന്റെ സ്ഥാനത്ത് ഓമനയെ വരനു കൈപിടിച്ച് ഏൽപിച്ചത്. വിവാഹശേഷം ഗംഭീര സദ്യയും ഒരുക്കിയിരുന്നു. ഇവർക്ക് ലൈഫ് ഭവന പദ്ധതിയിൽ പനത്തടി പഞ്ചായത്ത് വീടും അനുവദിച്ചു. ഇത് ദമ്പതികൾക്ക് നൽകിയ ആശ്വാസം ചെറുതായിരുന്നില്ല.

Exit mobile version