യുദ്ധമുഖങ്ങളിലെ യുഎസിന്റെ മുന്നണിപ്പോരാളി; അമേരിക്ക ഇന്ന് എട്ട് അപ്പാഷെ ഹെലിക്കോപ്റ്ററുകള്‍ ഇന്ത്യന്‍ വ്യോമസേനയ്ക്ക് കൈമാറും

പഞ്ചാബ്: യുദ്ധമുഖങ്ങളിലെ യുഎസിന്റെ മുന്നണിപ്പോരാളികളായ അപ്പാഷെ ഹെലിക്കോപ്റ്ററുകള്‍ അമേരിക്ക ഇന്ന് ഇന്ത്യന്‍ വ്യോമസേനയ്ക്ക് കൈമാറും. എട്ട് ഹെലിക്കോപ്റ്ററുകളാണ് കൈമാറുക. പത്താന്‍കോട്ട് വ്യോമത്താവളത്തില്‍ ആണ് അപ്പാഷെ ഹെലിക്കോപ്റ്ററുകള്‍ വിന്യസിക്കുക. വ്യോമസേനാത്താവളത്തില്‍ നടക്കുന്ന ചടങ്ങില്‍ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്, എയര്‍ ചീഫ് മാര്‍ഷല്‍ ബിഎസ് ധനോവ എന്നിവര്‍ പങ്കെടുക്കും.

ലഡാക്ക് ഉള്‍പ്പെടെയുള്ള ഉയര്‍ന്ന പ്രദേശങ്ങളില്‍ നിരീക്ഷണം നടത്താന്‍ സാധിക്കുന്നതാണ് അപ്പാഷെ ഹെലികോപ്റ്ററുകള്‍. ഹെലിക്കോപ്റ്ററുകള്‍ കൈമാറാനുള്ള കരാറില്‍ 2015 സെപ്റ്റംബറിലാണ് ഇന്ത്യയും അമേരിക്കും ഒപ്പുവെച്ചത്. 22 അപാഷെ ഹെലികോപ്റ്ററുകള്‍ക്കാണ് കരാര്‍ ഒപ്പിട്ടത്. മെയ് മാസം ആദ്യത്തെ അപ്പാഷെ ഹെലിക്കോപ്റ്റര്‍ അമേരിക്ക അരിസോണയിലെ ബോയിങ് കേന്ദ്രത്തില്‍ വെച്ച് ഇന്ത്യയ്ക്ക് കൈമാറിയിരുന്നു. അപ്പാഷെ ഹെലിക്കോപ്റ്റര്‍ നിര്‍മ്മിച്ചിരിക്കുന്നത് യുഎസ് ആയുധ നിര്‍മ്മാതാക്കളായ ബോയിങ് ആണ്. ഏത് കാലാവസ്ഥയിലും യുദ്ധസജ്ജമായ ഹെലികോപ്റ്റര്‍ കൂടിയാണിത്.

അപ്പാഷെ ഗാര്‍ഡിയന്‍ എ എച്ച്-64 E(1) എന്നാണ് ഹെലികോപറ്ററിന്റെ മുഴുവന്‍ പേര്. മലനിരകളിലെ വ്യോമസേനാ ദൗത്യങ്ങള്‍ക്ക് ഇവ സഹായകരമാകും എന്നത് കൊണ്ടാണ് ഇന്ത്യ അപ്പാഷെ ഹെലിക്കോപ്റ്ററുകള്‍ സ്വന്തമാക്കാന്‍ കാരണം. പീരങ്കികളെ തകര്‍ക്കാന്‍ കഴിവുള്ള ഹെല്‍ഫയര്‍ മിസൈല്‍, ഹൈഡ്ര 70 റോക്കറ്റ്, എം 230 ചെയിന്‍ ഗണ്‍ എന്നിവയാണ് അപ്പാഷെയുടെ ആയുധക്കരുത്ത്. ഇതിനു പുറമെ അമ്പത് കിലോമീറ്റര്‍ പരിധിയിലുള്ള ലക്ഷ്യങ്ങള്‍ നിരീക്ഷിക്കാനും ആക്രമിക്കാനും ഈ ഹെലിക്കോപ്റ്ററിന് സാധിക്കും.

Exit mobile version