ഇന്ത്യൻ നയതന്ത്ര വിജയം; ഇന്ത്യൻ പ്രതിനിധി ഇസ്ലാമാബാദിലെത്തി കുൽഭൂഷൺ ജാദവിനെ സന്ദർശിച്ചു

ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർ പാകിസ്താനിലെത്തി കുൽഭൂഷൺ ജാദവിനെ കണ്ടു.

ഇസ്ലാമാബാദ്: ഒടുവിൽ ഇന്ത്യയ്ക്ക് കുൽഭൂഷൺ ജാദവിനെ കുറിച്ചുള്ള വിവരങ്ങൾ നേരിട്ട് തിരക്കാൻ അവസരം ലഭിച്ചു. ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർ പാകിസ്താനിലെത്തി കുൽഭൂഷൺ ജാദവിനെ കണ്ടു. പാകിസ്താൻ വിദേശകാര്യമന്ത്രാലയത്തിൽ വച്ച് ഇന്ത്യൻ ഡെപ്യൂട്ടി ഹൈക്കമ്മീഷണർ ഗൗരവ് അലുവാലിയയാണ് കുൽഭൂഷണെ സന്ദർശിച്ചത്. കുൽഭൂഷണ് നയതന്ത്ര സഹായം ലഭിക്കാനായി ഏറെ കാലം നടത്തിയ നിയമ പോരാട്ടത്തിന് ഒടുവിലാണ് ഇന്ത്യയ്ക്ക് അനുകൂലമായി അന്താരാഷ്ട്ര നീതിന്യായ കോടതി വിധി പുറപ്പെടുവിച്ചത്. ഇതിനുപിന്നാലെയാണ് ഇന്ത്യൻ പ്രതിനിധി കുൽഭൂഷണെ നേരിട്ട് സന്ദർശിച്ച് വിവരങ്ങൾ തിരക്കാനായത്. നയതന്ത്ര തലത്തിൽ കുൽഭൂഷണ് സഹായമെത്തിക്കണമെന്ന് നേരത്തെ അന്താരാഷ്ട്ര നീതിന്യായ കോടതി വിധിച്ചിരുന്നു.

ഇന്ന് ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരുമായി കുൽഭൂഷണ് കൂടിക്കാഴ്ച നടത്താമെന്ന് പാകിസ്താൻ അറിയിച്ചതിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ ഡെപ്യൂട്ടി ഹൈക്കമ്മീഷണർ വിദേശകാര്യമന്ത്രാലയത്തിലെത്തി പാക് നയതന്ത്ര ഉദ്യോഗസ്ഥരെ കണ്ടിരുന്നു. ഇതിന് ശേഷമാണ് കൂടിക്കാഴ്ച തുടങ്ങിയത്.

കുൽഭൂഷൺ ജാദവുമായി സ്വതന്ത്ര കൂടിക്കാഴ്ച അനുവദിക്കുമെന്നാണ് പ്രതീക്ഷയെന്ന് കൂടിക്കാഴ്ചയ്ക്ക് മുമ്പായി ഇന്ത്യ പ്രതകരിച്ചിരുന്നു. പാക് ഉദ്യോഗസ്ഥരുടെ മേൽനോട്ടമില്ലാതെ സ്വതന്ത്ര കൂടിക്കാഴ്ച അനുവദിക്കണമെന്നായിരുന്നു ഇന്ത്യയുടെ ആവശ്യം.

കുൽഭൂഷൺ ജാദവുമായുള്ള ഇന്ത്യൻ ഉദ്യോഗസ്ഥരുടെ സംസാരം റെക്കോഡ് ചെയ്യുമെന്നും ഉപാധികളോടെ മാത്രമേ കാണാനാകൂ എന്നുമായിരുന്നു പാകിസ്താന്റ നിലപാട്. ഇത് അംഗീകരിച്ചാണോ കൂടിക്കാഴ്ച നടന്നത് എന്ന് വ്യക്തമല്ല. കൂടിക്കാഴ്ചയ്ക്ക് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ പുറത്ത് വരൂ. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം യുദ്ധത്തിലേക്ക് പോലും എത്തിച്ചേർന്നേക്കാമെന്ന സാഹചര്യത്തിലാണ് ഈ കൂടിക്കാഴ്ച എന്നതും ശ്രദ്ധേയം.

Exit mobile version