ബിജെപിയിൽ ചേർന്നിട്ട് രണ്ടാഴ്ച; നിരന്തരമായ അധിക്ഷേപം സഹിക്കാനാകാതെ മുൻ കൊൽക്കത്ത മേയർ പാർട്ടി വിടുന്നു

ഇക്കഴിഞ്ഞ ഓഗസ്റ്റ് 14നാണ് നാല് തവണ തൃണമൂൽ എംഎൽഎ ആയിരുന്ന സോവൻ ബിജെപിയിൽ ചേർന്നത്.

കൊൽക്കത്ത: പാർട്ടിയിലെ നിരന്തര അധിക്ഷേപം സഹിക്കവയ്യാതെ മുൻ കൊൽക്കത്ത മേയർ സോവൻ ചാറ്റർജി ബിജെപി വിടുന്നു. കേവലം രണ്ടാഴ്ച മുമ്പ് മാത്രം തൃണമൂൽ വിട്ട് ബിജെപിയിൽ ചേക്കേറിയതായിരുന്നു സോവൻ ചാറ്റർജി. ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ അടുത്ത അനുയായികളിൽ ഒരാളായ സോവൻ പാർട്ടി വിട്ടത് മമതയ്ക്കുൾപ്പടെ നാണക്കേടായിരുന്നു.

അതേസമയം, പാർട്ടിയിൽ നിന്നും കടുത്ത അധിക്ഷേപവും അവഗണനയും മാത്രം ലഭിക്കുന്നതിനാൽ ബിജെപി വിടാനാണ് സോവൻ ആഗ്രഹിക്കുന്നതെന്ന് അനുയായി ബൈഷാഖി ബാനർജി അറിയിച്ചു. ഇക്കഴിഞ്ഞ ഓഗസ്റ്റ് 14നാണ് നാല് തവണ തൃണമൂൽ എംഎൽഎ ആയിരുന്ന സോവൻ, ബൈഷാഖിക്കൊപ്പം ബിജെപിയിൽ ചേർന്നത്.

‘ബിജെപിയിൽ ചേർന്നത് മുതൽ തന്നെ യാതൊരു കാരണവുമില്ലാതെ നിരന്തര അധിക്ഷേപങ്ങളും പരിഹാസങ്ങളും ഞങ്ങൾക്കു നേരെയുണ്ടാവുകയാണ്. സജീവരാഷ്ട്രീയത്തിൽ നിന്ന് പിൻവലിഞ്ഞ സോവൻ ചാറ്റർജിയെ ബിജെപിയിലേക്ക് എത്തിക്കാൻ മുഖ്യ പങ്കു വഹിച്ചത് ഞാനാണ്. ഇങ്ങനെ അപമാനിക്കപ്പെടും എന്നറിയാമായിരുന്നെങ്കിൽ ഞങ്ങൾ തൃണമൂലിൽ തന്നെ തുടരുമായിരുന്നു. അതുകൊണ്ട് തന്നെ പാർട്ടി വിടാനുള്ള ആഗ്രഹം ഞങ്ങൾ പ്രകടിപ്പിച്ച് കഴിഞ്ഞു. ആവശ്യം വന്നാൽ ബിജെപി നേതൃത്വത്തിന് രാജി സമർപ്പിക്കുകയും ചെയ്യും.’ ബൈഷാഖി അറിയിച്ചു. എന്നാൽ വിഷയത്തിൽ സോവന്റെ പ്രതികരണം ഇതുവരം ലഭ്യമായിട്ടില്ല. വിഷയം പരിശോധിക്കുമെന്നാണ് പശ്ചിമ ബംഗാൾ ബിജെപി പ്രസിഡന്റ് ദിലീപ് ഘോഷ് പ്രതികരിച്ചത്.

Exit mobile version