വനവത്ക്കരണത്തിന്‌ സംസ്ഥാനങ്ങള്‍ക്ക് 47,436 കോടി അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍; ഏറ്റവും കുറവ് കേരളത്തിന്

കേരളത്തെക്കാള്‍ ചെറിയ സംസ്ഥാനങ്ങളായ ത്രിപുര, മിസോറാം, മണിപ്പൂര്‍, സിക്കിം, മേഘാലയ എന്നീ സംസ്ഥാനങ്ങള്‍ക്ക് യഥാക്രമം 183.65 കോടി, 212 കോടി, 309 കോടി, 393 കോടി, 163 കോടിയും അനുവദിച്ചു.

ന്യൂഡല്‍ഹി: രാജ്യത്ത് വനവത്കരണം നടപ്പാക്കാന്‍ 47,436 കോടി രൂപ സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍. ഏറ്റവും കൂടുതല്‍ ഫണ്ട് അനുവദിച്ചത് ഒഡീഷയ്ക്കാണ്. 5933 കോടി. അതെസമയം കേരളത്തിന് 81.59 കോടി മാത്രമാണ് നല്‍കിയത്. ഏറ്റവും കുറവ് ഫണ്ട് അനുവദിച്ചതും കേരളത്തിനാണ്.

പശ്ചിമഘട്ടത്തിന്റെ ഭാഗമായ കര്‍ണാടകത്തിന് 1350 കോടിയും, മഹാരാഷ്ട്രയ്ക്ക് 3844 കോടിയും, ഗോവയ്ക്ക് 238 കോടിയും അനുവദിച്ചിട്ടുണ്ട്. കേരളത്തെക്കാള്‍ ചെറിയ സംസ്ഥാനങ്ങളായ ത്രിപുര, മിസോറാം, മണിപ്പൂര്‍, സിക്കിം, മേഘാലയ എന്നീ സംസ്ഥാനങ്ങള്‍ക്ക് യഥാക്രമം 183.65 കോടി, 212 കോടി, 309 കോടി, 393 കോടി, 163 കോടിയും അനുവദിച്ചു. കോംപന്‍സേറ്ററി അഫോറസ്റ്റേഷന്‍ ഫണ്ട് മാനേജ്‌മെന്റ് പ്ലാനിങ് അതോറിറ്റിയാണ് ഫണ്ട് അനുവദിച്ചത്.

ഡല്‍ഹിയില്‍ നടന്ന സംസ്ഥാന വനംമന്ത്രിമാരുടെ യോഗത്തില്‍ കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍ പണം സംസ്ഥാനങ്ങള്‍ക്ക് കൈമാറി. മരങ്ങള്‍ നട്ട് പരിപാലിക്കുന്നതിനും, കാട്ടുതീ തടയാനുള്ള നടപടികള്‍ക്കും അത് നിയന്ത്രിക്കുന്നതിനും മാത്രമേ ഉപയോഗിക്കാന്‍ കഴിയൂ. കേന്ദ്രം അനുവദിച്ച ഫണ്ട് ശമ്പളം, അലവന്‍സ് എന്നിവയ്ക്കായി ഉപയോഗിക്കാന്‍ പാടില്ലെന്ന കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്

സംസ്ഥാനങ്ങള്‍ ഫണ്ട് ഉചിതമായി ഉപയോഗിച്ച് മരങ്ങള്‍ നട്ട് വനപ്രദേശം വിപുലപ്പെടുത്തുകയും അങ്ങനെ 2030 ഓടെ 300 കോടി ടണ്ണോളം കാര്‍ബണ്‍ ആഗിരണം ചെയ്യാന്‍ സാധിക്കുമെന്നും കേന്ദ്രസഹമന്ത്രി ബാബുല്‍ സുപ്രിയോ പറഞ്ഞു.

Exit mobile version