മധ്യപ്രദേശില്‍ കമല്‍നാഥ് – ജ്യോതിരാദിത്യ സിന്ധ്യ തര്‍ക്കം പുതിയ തലത്തിലേക്ക്; സിന്ധ്യ ബിജെപിയുമായി ചര്‍ച്ച നടത്തിയെന്ന് സൂചന

പിസിസി അധ്യക്ഷനായി തന്നെ നിയമിച്ചില്ലെങ്കില്‍ പാര്‍ട്ടി വിടുമെന്ന് കോണ്‍ഗ്രസ് നേതൃത്വത്തെ സിന്ധ്യ അറിയിച്ചതായിട്ടാണ് പുതിയ റിപ്പോര്‍ട്ടുകള്‍

ന്യൂഡല്‍ഹി: മധ്യപ്രദേശ് കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി കമല്‍നാഥും മുന്‍ കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും തമ്മിലുള്ള തര്‍ക്കം രൂക്ഷമാകുന്നു. പിസിസി അധ്യക്ഷനായി തന്നെ നിയമിച്ചില്ലെങ്കില്‍ പാര്‍ട്ടി വിടുമെന്ന് കോണ്‍ഗ്രസ് നേതൃത്വത്തെ സിന്ധ്യ അറിയിച്ചതായിട്ടാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ബിജെപിയുമായി സിന്ധ്യ ചര്‍ച്ച നടത്തിയതായും വാര്‍ത്തയുണ്ട്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു പിന്നാലെ മധ്യപ്രദേശ് കോണ്‍ഗ്രസില്‍ രൂപപ്പെട്ട നേതൃതര്‍ക്കമാണ്, ഇപ്പോള്‍ പുതിയ തലത്തിലേക്കു കടന്നിരിക്കുന്നത്. തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ആരെ മുഖ്യമന്ത്രിയാക്കുമെന്ന തര്‍ക്കം മധ്യപ്രദേശില്‍ നിലനിന്നിരുന്നു.

കടുത്ത തര്‍ക്കത്തിനൊടുവില്‍ കമല്‍നാഥിനെ മുഖ്യമന്ത്രിയായി തീരുമാനിക്കുകയായിരുന്നു. അതെസമയം പിസിസി അധ്യക്ഷനായ കമല്‍നാഥ് മുഖ്യമന്ത്രി ആകുമ്പോള്‍ സിന്ധ്യ പിസിസി അധ്യക്ഷ സ്ഥാനത്തേക്ക് വരുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതുവരെയും പിസിസി അധ്യക്ഷ സ്ഥാനത്തു നിന്ന് ഒഴിയാന്‍ കമല്‍ നാഥ് തയ്യാറാവാത്തതിനെ തുടര്‍ന്നാണ് തുറന്ന യുദ്ധപ്രഖ്യാപനവുമായി സിന്ധ്യ രംഗത്തുവന്നിരിക്കുന്നത്.

ലോക്‌സഭാ തെരഞ്ഞടുപ്പില്‍ സ്ഥിരം സീറ്റായ ഗുണയില്‍ സിന്ധ്യ പരാജയപ്പെട്ടതു കൊണ്ടും, കമല്‍നാഥ് മുഖ്യമന്ത്രിയും പിസിസി അധ്യക്ഷനുമായി തുടരുന്ന സാഹചര്യത്തിലും, പ്രത്യേകിച്ച് റോള്‍ ഒന്നുമില്ലാത്ത അവസ്ഥയിലാണ് ജ്യോതിരാദിത്യ സിന്ധ്യ. ജ്യോതിരാദിത്യയെ ഉപമുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവും കമല്‍നാഥ് പരിഗണിച്ചിരുന്നില്ല.

അതെസമയം, പുതിയ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി കമല്‍നാഥ് ഡല്‍ഹിയില്‍ എത്തിയിട്ടുണ്ട്. പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിയുമായി കമല്‍നാഥ് ചര്‍ച്ച നടത്തും.

Exit mobile version