രാമസേതു നിർമ്മിച്ചത് ഇന്ത്യൻ എഞ്ചിനീയർമാരെന്ന് കേന്ദ്രമന്ത്രി

പുരാതനകാലത്ത് ഇന്ത്യൻ എഞ്ചിനീയർമാരാണ് രാമസേതു നിർമിച്ചതെന്നായിരുന്നു പരാമർശം.

കൊൽക്കത്ത: പുരാണങ്ങളേയും ശാസ്ത്രത്തേയും ബന്ധിപ്പിച്ച് വീണ്ടും അസംബന്ധം വിളിച്ചുപറഞ്ഞ് ബിജെപി മന്ത്രി. കേന്ദ്ര മാനവവിഭവശേഷി മന്ത്രി രമേശ് പൊഖ്‌റിയാൽ നിഷാങ്കാണ് പുതിയ പരാമർശവുമായി രംഗത്തെത്തിയത്. ഖരഗ്പുർ ഐഐടിയിലെ വിദ്യാർത്ഥികളുമായി സംവദിക്കുന്നതിനിടെയാണ് ഭാരതീയ പുരാണങ്ങളെ ശാസ്ത്രവുമായി ബന്ധിപ്പിച്ച് എപ്പോഴും സംസാരിക്കുന്ന മന്ത്രി ഇത്തവണയും പതിവ് തുടർന്നത്. പുരാതനകാലത്ത് ഇന്ത്യൻ എഞ്ചിനീയർമാരാണ് രാമസേതു നിർമിച്ചതെന്നായിരുന്നു പരാമർശം.

‘പുരാതനകാലത്ത് നമുക്ക് നല്ല എഞ്ചിനീയർമാർ ഉണ്ടായിരുന്നു ഇക്കാര്യത്തിൽ ആർക്കും സംശയമുണ്ടാകില്ല, ഉദാഹരണത്തിന്, ആരാണ് രാമസേതു നിർമിച്ചത്? യുഎസ്, ബ്രിട്ടൻ, ജർമ്മനി എന്നിവിടങ്ങളിൽ നിന്നുള്ള എഞ്ചിനീയർമാർ ആയിരുന്നോ? അല്ല, രാമസേതു നിർമ്മിച്ചത് നമ്മുടെ എഞ്ചിനീയർമാർ ആയിരുന്നു’- രമേഷ് പൊഖ്‌റിയാലിന്റെ വാക്കുകൾ ഇങ്ങനെ.

ഐഐടിയുടെ 65-ാമത് ബിരുദദാനചടങ്ങിനിടെയായിരുന്നു സംഭവം. എന്നാൽ, കേന്ദ്രമന്ത്രിയുടെ പരാമർശം കേട്ട വിദ്യാർത്ഥികൾ നിശബ്ദരായി ഇരുന്നതല്ലാതെ മറിച്ചൊരക്ഷരം പോലും മിണ്ടിയില്ല. ‘ഞാൻ പറഞ്ഞത് ശരിയല്ലേ? ഇത് ശരിയല്ലേ? എന്തെങ്കിലും ഒന്നു പറയൂ. എന്തുകൊണ്ടാണ് നിങ്ങൾ നിശ്ശബ്ദരായിരിക്കുന്നത്’, എന്നൊക്കെ മന്ത്രി ചോദിച്ചെങ്കിലും ആരും മന്ത്രിയുടെ പരാമർശത്തിനോട് പ്രതികരിക്കാൻ തയ്യാറായില്ല.

രാമസേതുവിനെ കൂടാതെ സംസ്‌കൃതത്തേയും മന്ത്രി പ്രസംഗത്തിലേക്ക് എടുത്തിട്ടു. സംസ്‌കൃതമാണ് ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഭാഷയെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഭാവിയിൽ സംസാരിക്കുന്ന കമ്പ്യൂട്ടറുകളെ വികസിപ്പിച്ച് എടുക്കുമ്പോൾ സംസ്‌കൃതമാണ് അനുയോജ്യമായ ഭാഷയെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version