കാശ്മീർ നേതാക്കളുടെ സ്ഥിതി ദയനീയം; ദേഹപരിശോധന നടത്താൻ ആവശ്യപ്പെട്ടിട്ടും മെഹ്ബൂബ മുഫ്തിയുടെ മാതാവിനെ കാണാൻ അനുവദിച്ചില്ല

കേന്ദ്ര സർക്കാർ തടവിലാക്കിയ മുൻ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയെ കാണാൻ മാതാവ് ഗുൽഷൻ മുഫ്തിയ്ക്ക് അനുമതി നിഷേധിച്ചു

ശ്രീനഗർ: കാശ്മീർ വിഭജനവുമായി ബന്ധപ്പെട്ട് വീട്ടുതടങ്കലിൽ ആക്കപ്പെട്ട കാശ്മീരിലെ ജനനേതാക്കളുടെ സ്ഥിതി ദയനീയം. ഉറ്റവരെ പോലും കാണാൻ അനുവദിക്കാതെ തടവിലിട്ടിരിക്കുകയാണ് നേതാക്കളെ എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കേന്ദ്ര സർക്കാർ തടവിലാക്കിയ മുൻ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയെ കാണാൻ മാതാവ് ഗുൽഷൻ മുഫ്തിയ്ക്ക് അനുമതി നിഷേധിച്ചു.

‘വളരെ കുറച്ച് നേരത്തേക്ക് അമ്മയെ കാണാനാണ് പോലീസിനോട് അനുമതി ചോദിച്ചത്. ദേഹപരിശോധന നടത്താൻ വരെ പറഞ്ഞു. 21 ദിവസമായി അറസ്റ്റിലായവരുമായി ഒരു വിവരവുമില്ല. മാതാപിതാക്കളെയും മക്കളെയും കാണാൻ അനുവദിച്ചാലെന്താണ് കുഴപ്പം.’ മെഹ്ബൂബ മുഫ്തിയുടെ മകൾ സന ഇൽതിജ മുഫ്തി പറഞ്ഞു.

മെഹ്ബൂബ മുഫ്തിയെയും പിഡിപി നേതാക്കളെയും ഒമർ അബ്ദുള്ളയടക്കമുള്ള മറ്റു നേതാക്കളെയും വെവ്വേറെ ഗസ്റ്റ് ഹൗസുകളിലാണ് പാർപ്പിച്ചിരിക്കുന്നത്. ഗുൽഷൻ മുഫ്തിയെ ശ്രീനഗറിലെ വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ അനുവദിക്കുന്നില്ലെന്നും സന്ദർശകരെ അനുവദിക്കുന്നുമില്ലെന്നാണ് റിപ്പോർട്ടുകൾ. ഇവരുടെ വീട്ടിലെ ലാൻഡ് ലൈൻ ഫോൺ കണക്ഷനും പുനഃസ്ഥാപിക്കപ്പെട്ടിട്ടില്ല.

Exit mobile version