മകൻ പോയത് അറിയാതെ സിദ്ധാർത്ഥയുടെ പിതാവും യാത്രയായി

കർണാടക മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ എസ്എം കൃഷ്ണയുടെ മരുമകനാണ് വി.ജി സിദ്ധാർത്ഥ

മംഗളൂരു: കഫേ കോഫി ഡേ (സിസിഡി) സ്ഥാപകൻ വി.ജി സിദ്ധാർത്ഥയുടെ പിതാവ് ഗംഗയ്യ ഹെഗ്‌ഡേ(95)യും യാത്രയായി. മകൻ കടബാധ്യതയെ തുടർന്ന് യാത്രയായത് അറിയാതെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഗംഗയ്യ മൈസൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ഞായറാഴ്ചയാണ് അന്തരിച്ചത്. മകൻ മരിച്ച് ഒരു മാസത്തിനു ശേഷമാണ് പിതാവിന്റെ മരണം.

വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഒരു മാസത്തോളമായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഗംഗയ്യ. മകൻ ജീവനൊടുക്കിയ വിവരം ഗംഗയ്യ അറിഞ്ഞിരുന്നില്ലെന്നാണ് ആശുപ്രതി അധികൃതർ പറയുന്നത്. സിദ്ധാർത്ഥ മരിക്കുന്നതിനു രണ്ടു ദിവസം മുമ്പ് മൈസൂരുവിലെ ആശുപത്രിയിലെത്തി പിതാവിനെ സന്ദർശിച്ചിക്കുകയും ചെയ്തിരുന്നു.

ജൂലൈ 30നാണ് വി.ജി സിദ്ധാർത്ഥ മംഗളൂരു – കാസർകോട് ദേശീയപാതയ്ക്ക് സമീപമുള്ള നേത്രാവതി നദിയിലേക്ക് ചാടി ആത്മഹത്യ ചെയതത്. ഒരു ദിവസത്തിനു ശേഷമാണ് പുഴയിൽ നിന്നും മൃതദേഹം കണ്ടെത്തിയത്. സാമ്പത്തിക പ്രതിസന്ധി മൂലം ആത്മഹത്യ ചെയ്യുന്നുവെന്നു കുറിപ്പെഴുതിയ ശേഷമാണ് സിദ്ധാർത്ഥ പുഴയിൽ ചാടിയത്. കർണാടക മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ എസ്എം കൃഷ്ണയുടെ മരുമകനാണ് വി.ജി സിദ്ധാർത്ഥ. ഇദ്ദേഹത്തിന്റെ മരണത്തിനി കാരണമായി രാഷ്ട്രീയ പകപോക്കലുൾപ്പടെയുള്ള ആരോപണങ്ങൾ ഉയർന്നിരുന്നു. അതേസമയം, സിദ്ധാർത്ഥയ്ക്ക് 11000 കോടിയിലേറെ രൂപയുടെ ബാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.

Exit mobile version