ഫോൺ വിച്ഛേദിച്ചതിലെന്താണ് തെറ്റ്; മരുന്ന് ക്ഷാമം ഇല്ലെന്നും ഗവർണർ

നിരവധി പേരുടെ ജീവനുകൾ ഇതിലൂടെ രക്ഷിച്ചുവെന്നും അതിൽ തെറ്റില്ലെന്നും ഗവർണർ

ശ്രീനഗർ: ആർട്ടിക്കിൾ 307 റദ്ദാക്കിയതിനു പിന്നാലെ സംഘർഷാവസ്ഥ കണക്കിലെടുത്ത് ജമ്മു കാശ്മീരിൽ ഫോൺ ബന്ധം വിച്ഛേദിച്ചത് നല്ല തീരുമാനമായിരുന്നെന്ന് ഗവർണർ സത്യപാൽ മാലിക്. നിരവധി പേരുടെ ജീവനുകൾ ഇതിലൂടെ രക്ഷിച്ചുവെന്നും അതിൽ തെറ്റില്ലെന്നും ഗവർണർ അവകാശപ്പെട്ടു.

ജമ്മു കാശ്മീരിൽ മരുന്ന് ഷോപ്പുകൾ പ്രവർത്തിക്കുന്നില്ലെന്ന ആരോപണം നിഷേധിച്ച ഗവർണർ സംസ്ഥാനത്തെ 90 ശതമാനം മരുന്ന് ഷോപ്പുകളും പ്രവർത്തിക്കുന്നുണ്ടെന്നും പറഞ്ഞു. ബലി പെരുന്നാൾ ദിനത്തിൽ ഇറച്ചിയും പച്ചക്കറിയും മുട്ടയും വീടുകളിൽ എത്തിച്ചു നൽകിയെന്നും ഗവർണർ അവകാശപ്പെട്ടു.

ബേബി ഫുഡിന് ചെറിയ തോതിൽ ക്ഷാമമുണ്ടായിരുന്നെന്ന് തുറന്നു സമ്മതിക്കാനും ഗവർണർ തയ്യാറായി. വരും ദിവസങ്ങളിൽ ആ പ്രശ്‌നം പരിഹരിക്കുമെന്നും അറിയിച്ചു. കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെ തുടർന്ന് നടന്ന സംഭവങ്ങളിൽ സംസ്ഥാനത്ത് ഒരാൾ പോലും കൊല്ലപ്പെട്ടിട്ടില്ല. വാർത്താവിനിമയ സംവിധാനങ്ങൾ റദ്ദാക്കിയത് നിരവധി പേരുടെ ജീവൻ രക്ഷിച്ചു. അതിലൊരു തെറ്റുമില്ല. കഴിഞ്ഞ 10 ദിവസമായി കാശ്മീരിൽ ഫോണുകൾ പ്രവർത്തിക്കുന്നില്ലെന്നും എല്ലാം വേഗത്തിൽ പഴയ സ്ഥിതിയിലാക്കുമെന്നും ഗവർണർ പറഞ്ഞു.

Exit mobile version