ബംഗാളിൽ വീണ്ടും ഇടത്-കോൺഗ്രസ് സഖ്യത്തിന് ശ്രമം; അനുമതി നൽകി സോണിയ ഗാന്ധി

ബംഗാളിലെ കോൺഗ്രസ് പ്രസിഡന്റ് സോമൻ മിത്രയുമായി സോണിയ ഗാന്ധി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനമുണ്ടായത്.

ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ വീണ്ടും ഇടതു പാർട്ടികളുമായി സഖ്യത്തിന് തയ്യാറെടുത്ത് സോണിയ ഗാന്ധി. വരുന്ന അസംബ്ലി തെരഞ്ഞെടുപ്പിൽ ഇടതുപാർട്ടികളുമായി സഖ്യമുണ്ടാക്കാൻ കോൺഗ്രസ് നേതൃത്വത്തിന് ഇടക്കാല കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി അനുമതി നൽകി. പശ്ചിമ ബംഗാളിലെ കോൺഗ്രസ് പ്രസിഡന്റ് സോമൻ മിത്രയുമായി സോണിയ ഗാന്ധി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനമുണ്ടായത്.

സംസ്ഥാനത്ത് ഇടതുപാർട്ടികളുമായി സീറ്റ് ധാരണയ്ക്ക് ശ്രമങ്ങളുണ്ടെന്ന് സോമൻ മിത്ര അറിയിച്ചതിന് പിന്നാലെയാണ് ഇടതുപാർട്ടികൾ അംഗീകരിച്ചാൽ സഖ്യത്തിന് തന്നെ ശ്രമിക്കണമെന്ന് സോണിയ നിർദേശിച്ചത്.

വരാനിരിക്കുന്ന അസംബ്ലി തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ മമത സർക്കാരിനെതിരായ പോരാട്ടത്തിനാണ് കോൺഗ്രസ് തയ്യാറെടുക്കുന്നതെന്നാണ് സൂചന. അതിനാൽ മമത ബാനർജിയുടെ സഹായത്തിനായുള്ള ആവശ്യം സോണിയ ഗാന്ധി തള്ളിയിരിക്കുകയാണ്. മുതിർന്ന കോൺഗ്രസ് നേതാവിനെ ഉദ്ധരിച്ച് ഇക്കണോമിക് ടൈംസാണ് ഇക്കാര്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഇത്തവണ എന്തുവിലകൊടുത്തും ബംഗാൾ കീഴടക്കണമെന്ന ബിജെപിയുടെ ആഗ്രഹത്തെ തടയാൻ മമത സിപിഎമ്മിനോടും കോൺഗ്രസിനോടും സഹകരണം ആവശ്യപ്പെട്ടിരുന്നു. നേരത്തെ ഉപതെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ്-ഇടത് സീറ്റ് ധാരണയുണ്ടായിരുന്നു. എന്നാൽ സഖ്യത്തിനോടുള്ള നിർദേശം ഇരുകൂട്ടരും അന്ന് തള്ളുകയായിരുന്നു.

Exit mobile version