സാമ്പത്തികമാന്ദ്യം: യുഎസും ജർമ്മനിയും ചൈനയും പ്രതിസന്ധി നേരിടുമ്പോൾ ഇന്ത്യ ഭേദപ്പെട്ട നിലയിൽ: ധനമന്ത്രി

വിദേശ നിക്ഷേപകർക്ക് സർ ചാർജ് ഒഴിവാക്കിയെന്നും ധനമന്ത്രി

ന്യൂഡൽഹി: ലോക സാമ്പത്തികരംഗം തന്നെ പ്രതിസന്ധിയിലാണെങ്കിലും ഇന്ത്യയുടെ സാമ്പത്തിക വളർച്ച ഭേദപ്പെട്ട നിലയിലാണെന്ന് കേന്ദ്രധനമന്ത്രി നിർമ്മലാ സീതാരാമൻ. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന വാർത്ത പുറത്തു വന്നതിനു പിന്നാലെ വിളിച്ചുചേർത്ത പ്രത്യേക വാർത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

ലോകം തന്നെ സാമ്പത്തിക മാന്ദ്യത്തിലേക്കു നീങ്ങുകയാണ്. ആഗോളതലത്തിൽ സാമ്പത്തിക വളർച്ച കുറഞ്ഞു. അമേരിക്കയും ജർമനിയും അടക്കമുള്ള രാജ്യങ്ങൾ വലിയ പ്രതിസന്ധി നേരിടുകയാണ്. അമേരിക്കയെയും ചൈനയെയും അപേക്ഷിച്ച് മെച്ചപ്പെട്ട നിലയിലാണ് ഇന്ത്യയുള്ളത്. സാമ്പത്തിക പുനരുജ്ജീവന നടപടികളുമായി രാജ്യം മുന്നോട്ടു പോകുകയാണ്. ജിഎസ്ടി നിരക്കുകൾ ലളിതമാക്കും. ഇതുസംബന്ധിച്ച് ഞായറാഴ്ച ഉദ്യോഗസ്ഥരുടെ യോഗം ചേരും. ജിഎസ്ടി റീഫണ്ട് വൈകിക്കില്ല.

അതേസമയം, ഓഹരിവിപണിയെ തന്നെ തളർത്തിയ കഴിഞ്ഞ ബജറ്റിലെ അതിസമ്പന്നർക്ക് ഏർപ്പെടുത്തിയ സർചാർജ് പിൻവലിക്കാനും തീരുമാനിച്ചതായി കേന്ദ്രമന്ത്രി അറിയിച്ചു. അതിസമ്പന്നർക്ക് ഏർപ്പെടുത്തിയ അധിക സർചാർജിൽ നിന്ന് വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകരെ(എഫ്പിഐ)യാണ് ഒഴിവാക്കിയത്.

2 മുതൽ 5 കോടി വരെ വാർഷിക നികുതി നൽകുന്നവർക്ക് മൂന്നു ശതമാനവും അഞ്ചു കോടിയോ അതിനു മുകളിലോ വാർഷിക വരുമാനമുള്ളവർക്ക് ഏഴു ശതമാനവും തുകയാണ് സൂപ്പർ റിച്ച് ടാക്‌സ് എന്ന പേരിൽ ജൂലൈയിലെ ബജറ്റിൽ ഏർപ്പെടുത്തിയത്. നിലവിലുള്ള ആദായനികുതിക്കും പുറമെയായിരുന്നു ഇത്. ഇതോടെ എഫ്പിഐ നിക്ഷേപകർ കൂട്ടത്തോടെ നിക്ഷേപം പിൻവലിക്കാൻ തുടങ്ങിയത് ഓഹരി വിപണിയെ തളർത്തിയിരുന്നു. ഇതോടെയാണ് ധനമന്ത്രിയുടെ പ്രഖ്യാപനം. ആഭ്യന്തര നിക്ഷേപകർക്കുള്ള സർചാർജും ഒഴിവാക്കിയിട്ടുണ്ട്.

നികുതി റിട്ടേൺ കൂടുതൽ സുതാര്യമാക്കും. സിഎസ്ആർ ലംഘനം ക്രിമിനൽക്കുറ്റമായി കണക്കാക്കില്ല. സംരംഭകർക്ക് ഉദ്യോഗസ്ഥരുടെ ഉപദ്രവം ഉണ്ടാകില്ല. ആദായനികുതി വകുപ്പിന്റെ പ്രവർത്തനം കേന്ദ്രീകൃത രീതിയിലാക്കുമെന്നും നിർമ്മലാ സീതാരാമൻ പറഞ്ഞു.

Exit mobile version