കാശ്മീർ വിഷയത്തിൽ പിന്തുണച്ചു; നന്ദി പറയാൻ അജിത് ഡോവൽ റഷ്യയിലെത്തി

കാശ്മീരിൽ ഇന്ത്യ നടപ്പിലാക്കിയ പുതിയ നിലപാടിനെ റഷ്യ പിന്തുണച്ചിരുന്നു.

ന്യൂഡൽഹി: ആർട്ടിക്കിൾ 370 റദ്ദാക്കിയതുൾപ്പടെയുള്ള സംഭവങ്ങൾക്ക് പിന്നാലെ അന്താരാഷ്ട്രതലത്തിൽ കാശ്മീർ വിഷയം ചർച്ചയായിരിക്കെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ റഷ്യയിലെത്തി. റഷ്യൻ സുരക്ഷാ ഉപദേഷ്ടാവ് നികൊളായ് പത്രുഷെവുമായുള്ള കൂടിക്കാഴ്ചയാണ് ഡോവലിന്റെ യാത്രാലക്ഷ്യം. ഭീകര വിരുദ്ധ സഹകരണം സംബന്ധിച്ച് ഇരുരാജ്യങ്ങളിലെയും സുരക്ഷാ ഉപദേഷ്ടാക്കൾ തമ്മിൽ ചർച്ച നടത്തും.

കാശ്മീരിൽ ഇന്ത്യ നടപ്പിലാക്കിയ പുതിയ നിലപാടിനെ റഷ്യ പിന്തുണച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഡോവലിന്റെ സന്ദർശനം. കിഴക്കൻ സാമ്പത്തിക ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോഡി റഷ്യയിലെത്താനിരിക്കെയാണ് ഡോവലിന്റെ സന്ദർശനം. ബഹിരാകാശ രംഗത്തെ സഹകരണം സംബന്ധിച്ച ചർച്ചകൾ വ്ളാദിവൊസ്ടോക്കിൽ നടത്തുന്ന ഉച്ചകോടിയിൽ ഇരുരാജ്യങ്ങളും നടത്തുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചിരുന്നു.

മോഡിയുടെ ഈ യാത്രയ്ക്ക് മുന്നോടിയായി സാഹചര്യങ്ങൾ അറിയിക്കുന്നതിനും കൂടിയാണ് ഡോവൽ റഷ്യയിലെത്തിയത്. റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്‌കോസ്മോസിന്റെ ഡയറക്ടർ ദിമിത്രി റൊഗോസിനുമായും ഡോവൽ കൂടിക്കാഴ്ച നടത്തുന്നുണ്ട്.

Exit mobile version