മോഡി കാലത്ത് ചിദംബരം നിരന്തരം വേട്ടയാടപ്പെട്ടു; അറസ്റ്റിന് പിന്നിൽ അമിത് ഷായെ ജയിലിലടച്ചതിന്റെ പ്രതികാരമെന്ന് ആരോപണം

ന്യൂഡൽഹി: ഐഎൻഎക്‌സ് മീഡിയ കേസിൽ മുൻ കേന്ദ്രധനമന്ത്രി പി ചിദംബരം അറസ്റ്റിലായതിന് പിന്നാലെ കേന്ദ്രസർക്കാരിനെതിരെ ആരോപണങ്ങളും ശക്തമാകുന്നു. യുപിഎ കാലത്തെ വമ്പനെ കുരുക്കിയത് അമിത് ഷായുടെ പ്രതികാര ബുദ്ധിയാണെന്നാണ് ആരോപണം. എൻഡിഎ സർക്കാർ അധികാരത്തിലേറിയതിനു പിന്നാലെ ആരംഭിച്ച രാഷ്ട്രീയ വേട്ടയാടലാണ് ഇപ്പോൾ അറസ്റ്റ് വരെ എത്തിനിൽക്കുന്നത് എന്നാണ് ഉയരുന്ന പ്രധാന ആരോപണം. ഒമ്പത് വർഷങ്ങൾക്ക് മുൻപ് ഗുജറാത്തിൽ ആഭ്യന്തര മന്ത്രിയായിരുന്ന അമിത് ഷായെ വ്യാജ ഏറ്റുമുട്ടൽ കേസിൽ ജയിലിലടച്ചതിന്റെ പ്രതികാരമാണ് ഇന്ന് പി ചിദംബരത്തോട് കേന്ദ്രം കാണിക്കുന്നതെന്നാണ് കോൺഗ്രസിന് പറയാനുള്ളത്.

കോൺഗ്രസ് നേതാക്കളായ പ്രിയങ്കയും രാഹുലുമുൾപ്പടെയുള്ള നേതാക്കൾ ചിദംബരത്തിന്റെ അറസ്റ്റിൽ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. അവരെല്ലാം ഒരേസ്വരത്തിൽ പറയുന്നത് കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന ആരോപണം തന്നെയായിരുന്നു.

അന്ന് ഗുജറാത്ത് വ്യാജ ഏറ്റുമുട്ടൽ കേസിൽ അമിത് ഷാ അറസ്റ്റിലാവുമ്പോൾ കേന്ദ്ര ആഭ്യന്തര വകുപ്പ് ചിദംബരത്തിന്റെ കൈയ്യിലായിരുന്നു. ഇന്ന് ചിദംബരം അറസ്റ്റിലാവുമ്പോൾ ആഭ്യന്തരം അമിത് ഷായുടെ കൈയ്യിലും. 2010 ൽ രണ്ടാം യുപിഎ സർക്കാരിൽ ചിദംബരം ആഭ്യന്തരമന്ത്രിയായിരിക്കുമ്പോഴാണ് അമിത്ഷായുടെ അറസ്റ്റ്. സൊറാബുദ്ദീൻ ഷെയ്ക്കിനെയും ഭാര്യയെയും വ്യാജ ഏറ്റുമുട്ടലിൽ വധിച്ചുവെന്ന കുറ്റം ചുമത്തിയായിരുന്നു ഗുജറാത്ത് ആഭ്യന്തരമന്ത്രിയായിരുന്ന അമിത് ഷായുടെ അറസ്റ്റ്. അമിത് ഷാ ചില പോലീസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ കൊലപാതകം ആസൂത്രണം ചെയ്തു എന്ന് സിബിഐ കണ്ടെത്തുകയും 2010 ജൂലൈയിൽ അമിത് ഷായെ അറസ്റ്റ് ചെയ്ത് മൂന്നുമാസം ജയിലിലടയ്ക്കുകയും ചെയ്തിരുന്നു. മൂന്ന് മാസത്തിന് ശേഷം 2010 ഒക്ടോബർ 29 നാണ് അമിത് ഷായ്ക്ക് ഗുജറാത്ത് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഒപ്പം 2010 മുതൽ 2012 വരെ രണ്ട് വർഷത്തേക്ക് ഗുജറാത്തിൽ പ്രവേശിക്കുന്നതിന് അമിത് ഷായ്ക്ക് വിലക്കും ലഭിച്ചിരുന്നു.

2014 നായിരുന്നു അമിത്ഷായെ കോടതി കുറ്റവിമുക്തനാക്കിയത്. ആ സമയത്ത് ഭരണം മോഡിയുടേയും ബിജെപിയുടെയും കൈകളിലെത്തുകയും ചെയ്തു. അന്നുമുതൽ ആരംഭിച്ചതാണ് ചിദംബരത്തിനെതിരെയുള്ള വേട്ടയാടലുകൾ. ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരമാണ് ആദ്യം അറസ്റ്റിലായത്. പിന്നീട് ജാമ്യത്തിലിറങ്ങുകയായിരുന്നു.

ചിദംബരം ഐഎൻഎക്സ് മീഡിയ എന്ന മാധ്യമക്കമ്പനിക്ക് വഴിവിട്ട് വിദേശഫണ്ട് സ്വീകരിക്കാൻ വഴിയൊരുക്കിയതിന് പ്രതിഫലമായി മകൻ കാർത്തി ചിദംബരത്തിന് കോഴപ്പണവും പദവികളും ലഭിച്ചുവെന്ന കേസിൽ ഡൽഹിയിലെ ജോർ ബാഗ് വസതിയിൽ നിന്നായിരുന്നു ഇന്നലെ പി ചിദംബരം അറസ്റ്റിലാവുന്നത്.

Exit mobile version