യുപിയിൽ അവശിഷ്ടങ്ങൾ വലിച്ചെറിയുന്നതിൽ ഇടപെട്ട മാധ്യമപ്രവർത്തകനും സഹോദരനും ദാരുണാന്ത്യം

മാധവ്നഗറിലെ വീട്ടിൽ ഞായറാഴ്ച പകലായിരുന്നു അതിക്രമം.

സഹാറൻപുർ: കന്നുകാലി അവശിഷ്ടങ്ങളും മാലിന്യവും വലിച്ചെറിയുന്ന സംഭവത്തിൽ ഇടപെട്ട മാധ്യമപ്രവർത്തകനും സഹോദരനും നഷ്ടമായത് ജീവൻ. ഉത്തർപ്രദേശിലെ സഹാറൻപുരിലാണ് സംഭവം. ദൈനിക് ജാഗരൺ റിപ്പോർട്ടർ ആഷിഷ് ജൻവാനിയയേയും സഹോദരനെയും അക്രമികൾ വീട്ടിൽക്കയറി വെടിവച്ചുകൊല്ലുകയായിരുന്നു. സഹാറൻപുരിലെ മാധവ്നഗറിലെ വീട്ടിൽ ഞായറാഴ്ച പകലായിരുന്നു അതിക്രമം. സംഭവശേഷം അക്രമികൾ ഓടി രക്ഷപെട്ടു.

ആയുധങ്ങളുമായെത്തിയ മൂന്നു പേരടങ്ങുന്ന സംഘം വീട്ടിലേക്ക് അതിക്രമിച്ച് കയറി വെടിവയ്ക്കുകയായിരുന്നെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നു. സംഭവത്തിൽ കൊത്വോളി പോലീസ് അന്വേഷണം ആരംഭിച്ചു. ആഷിഷിന്റെ വീട്ടു പരിസരത്ത് പോലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.

മാലിന്യവും കന്നുകാലികളുടെ അവശിഷ്ടങ്ങളും പ്രദേശത്ത് വലിച്ചെറിയുന്നതുമായി ബന്ധപ്പെട്ടു ചിലരുമായി ആഷിഷ് തർക്കത്തിൽ ഏർപ്പെട്ടിരുന്നെന്നും ഇതുമായി ബന്ധപ്പെട്ട് അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇക്കാര്യമാകാം കൊലപാതകത്തിലേക്കു നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ മദ്യമാഫിയയുടെ ഭീഷണി ആഷിഷിനു നേരെയുണ്ടായിരുന്നെന്നും പലതവണ പോലീസിൽ പരാതിപെട്ടിട്ടും നടപടി ഉണ്ടായില്ലെന്നും പരിസരവാസികൾ ആരോപിച്ചു. ഇക്കാര്യത്തിലും പോലീസ് അന്വേഷണം തുടരുകയാണ്.

Exit mobile version