മികച്ച സേവനത്തിനുള്ള മെഡൽ വാങ്ങി ഇറങ്ങി; തൊട്ടുപിന്നാലെ കൈക്കൂലി കേസിൽ പിടിയിലായി പോലീസ് ഉദ്യോഗസ്ഥൻ; സേനയ്ക്ക് അമ്പരപ്പ്

മണൽ കൊണ്ടുപോവുന്നത് അനുമതിയോടെയാണെന്നു അറിയിച്ച് രേഖകൾ കാണിച്ചിട്ടും

ഹൈദരാബാദ്: പോലീസ് സേനയിൽ മികച്ച സേവനം കാഴ്ചവെച്ചതിന് അവാർഡ് വാങ്ങി ഇരുപത്തിനാല് മണിക്കൂർ പിന്നിടും മുമ്പ് കൈക്കൂലി കേസിൽ പിടിയിലായി പോലീസ് ഉദ്യോഗസ്ഥൻ. പല്ലേ തിരുപ്പതി റെഡ്ഡിയാണ് കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായത്. തെലങ്കാനയിലെ മഹ്ബൂബ്‌നഗർ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ ഇയാൾ മികച്ച കോൺസ്റ്റബിളിനുള്ള പുരസ്‌കാരമാണ് നേടിയത്.

മണൽ കൊണ്ടുപോയതിന് കേസ് രജിസ്റ്റർ ചെയ്യാതിരിക്കാൻ രമേശ് എന്ന യുവാവിൽ നിന്ന് പതിനേഴായിരം രൂപയാണ് ഇയാൾ കൈക്കൂലിയായി ആവശ്യപ്പെട്ടത്. ആവശ്യമായ രേഖകളോടെ മണൽ കൊണ്ടുപോയ യുവാവിനെ പിടികൂടിയ ഇയാൾ കേസ് ചാർജ്ജ് ചെയ്യാതിരിക്കാൻ പണം ആവശ്യപ്പെടുകയായിരുന്നു.

മണൽ കൊണ്ടുപോവുന്നത് അനുമതിയോടെയാണെന്നു അറിയിച്ച് രേഖകൾ കാണിച്ചിട്ടും തിരുപ്പതി റെഡ്ഡി യുവാവിനെ വിടാൻ തയ്യാറായില്ല. സ്റ്റേഷനിൽ വച്ച് യുവാവിനെ അപമാനിക്കാനും ശ്രമം നടന്നതോടെയാണ് രമേശ് അഴിമതി വിരുദ്ധ സ്‌ക്വാഡിനെ സമീപിച്ചത്. കോടതിയിൽ ഹാജരാക്കിയ റെഡ്ഡിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

Exit mobile version