രണ്ട് പുഴുങ്ങിയ മുട്ടയ്ക്ക് വില 1700; ഒരു ഓംലറ്റിനും വില 1700; ഹോട്ടലിലെ ‘ആഡംബര ബില്ല്’ കണ്ട് ഞെട്ടി യുവാവ്

മുംബൈയിലെ ഫോർ സീസൺ ഹോട്ടലിലെ ബില്ല് കണ്ട് ഞെട്ടിയിരിക്കുകയാണ് എഴുത്തുകാരൻ കാർത്തിക് ധർ

മുംബൈ: ഇത്രകാലം കേട്ട ആഡംബര ഹോട്ടലുകളെ ബില്ലുകളൊക്കെ എന്ത്? ഈ മുംബൈയിലെ ഫോർ സീസൺ ഹോട്ടലിലെ ബില്ല് കണ്ട് ഞെട്ടിയിരിക്കുകയാണ് എഴുത്തുകാരൻ കാർത്തിക് ധർ. കഴുത്തറുപ്പൻ ബില്ലുകളിലെ രാജാവെന്ന് ഈ ബില്ലിനെ വേണമെങ്കിൽ വിശേഷിപ്പിക്കാം, കാരണം രണ്ട് പുഴുങ്ങിയ മുട്ടയ്ക്ക് മുംബൈയിലെ ഈ ഹോട്ടൽ 1700 രൂപയാണ് ഈടാക്കിയത്.

മുമ്പ് രാഹുൽ ബോസ് എന്ന നടനുണ്ടായ സമാന അനുഭവനുമായി എഴുത്തുകാരനായ കാർത്തിക് ധർ ആണ് മുംബൈയിലെ ഫോർ സീസൺസ് ഹോട്ടലിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. രണ്ട് മുട്ടയ്ക്ക് 1700 രൂപ ഈടാക്കിയെന്ന് വെളിപ്പെടുത്തൽ സോഷ്യൽമീഡിയയും ഏറ്റെടുത്തിട്ടുണ്ട്. രണ്ട് ഓംലെറ്റിന് 1700 രൂപ ഈടാക്കിയെന്നും ധർ ട്വിറ്ററിൽ പോസ്റ്റുചെയ്ത ബില്ല് വ്യക്തമാക്കുന്നു.

ഹോട്ടൽ അധികൃതർ പ്രതികരണവുമായി രംഗത്തെത്തിയില്ലെങ്കിലും ഈ ബില്ലിനെ ന്യായീകരിച്ചും എതിർത്തും നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ അരങ്ങ് തകർക്കുന്നത്. അതിസമ്പന്ന കുടുംബത്തിലെ കോഴിയിട്ട മുട്ടയാകാം എന്ന് ചിലർ പരിഹസിക്കുന്നു. രണ്ട് കോഴിമുട്ടയുടെ വില മാത്രമല്ല, വലിയ ഹോട്ടലാകുമ്പോൾ സർവീസ് ചാർജ് ഉണ്ടാകുമെന്നും താൽപര്യമില്ലെങ്കിൽ മറ്റ് ഹോട്ടിലിലേക്ക് പോകൂ എന്ന് ഉപദേശിക്കുന്നവരും കുറവല്ല.

നേരത്തെ നടൻ രാഹുൽ ബോസ് ചണ്ഡീഗഢിലെ ജെഡബ്ല്യൂ മാരിയറ്റ് ഹോട്ടലിൽ രണ്ട് ഏത്തപ്പഴത്തിന് ജിഎസ്ടി അടക്കം 442 രൂപ ഈടാക്കിയെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരുന്നു. പിന്നീട് ഇതിന് എക്സൈസ് ആൻഡ് ടാക്സേഷൻ വകുപ്പ് ഹോട്ടലിന് 25,000 രൂപ പിഴ ചുമത്തിയിരുന്നു.

Exit mobile version