കാശ്മീരിൽ പ്രതിഷേധവുമായി പതിനായിരം പേർ പങ്കെടുത്ത റാലി നടന്നു? നിഷേധിച്ച് കേന്ദ്രസർക്കാർ

ജമ്മുകശ്മീരിലെ അഞ്ച് ജില്ലകളിൽ ഏർപ്പെടുത്തിയ നിരോധനാജ്ഞ നീക്കി.

ശ്രീനഗർ: ആർട്ടിക്കിൾ 370 റദ്ദാക്കി കാശ്മീരിന്റെ പ്രത്യേകപദവി എടുത്തുകളഞ്ഞതിൽ പ്രതിഷേധിച്ച് കാശ്മീരിൽ പതിനായിരം പേർ പങ്കെടുത്ത പ്രകടനം നടന്നുവെന്ന റിപ്പോർട്ടുകളെ തള്ളി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ചിലയിടങ്ങളിൽ പ്രകടനങ്ങൾ നടന്നുവെന്നും എന്നാൽ ഒരിടത്തും ഇരുപത് പേരിലധികം പേർ പ്രകടനത്തിൽ ഇല്ലായിരുന്നെന്നും മന്ത്രാലയം വ്യക്തമാക്കി. ഇതിനിടെ, ജമ്മുകശ്മീരിലെ അഞ്ച് ജില്ലകളിൽ ഏർപ്പെടുത്തിയ നിരോധനാജ്ഞ നീക്കി.

പ്രതിഷേധപ്രകടനം നടത്തിയ പതിനായിരത്തോളം ആളുകൾക്കെതിരെ കണ്ണീർ വാതകവും പെല്ലറ്റുകളും ഉപയോഗിച്ചെന്ന് പറയുന്ന റോയിറ്റേഴ്‌സിന്റെ റിപ്പോർട്ട് മന്ത്രാലയം തള്ളി. വെള്ളിയാഴ്ച പ്രാർത്ഥനയ്ക്ക് ശേഷം നടന്ന പ്രതിഷേധ പ്രകടനത്തെ കുറിച്ചായിരുന്നു റിപ്പോർട്ട്.

ജമ്മു, കഠ്വ, സാംബ, ഉദംപൂർ, റീസി എന്നിവിടങ്ങളിലെ നിരോധനാജ്ഞയാണ് പിൻവലിച്ചത്. ഇവിടങ്ങളിൽ സ്‌കൂൾ, കോളേജുകൾ പ്രവർത്തിച്ച് തുടങ്ങിയിട്ടുണ്ട്.

Exit mobile version