അഭിനന്ദന് വീർചക്ര നൽകി ആദരിച്ചേക്കും; അന്ന് പാകിസ്താൻ വിമാനങ്ങളെ തുരത്തിയ പൈലറ്റുമാർക്കും ആദരം

ന്യൂഡൽഹി: ഇന്ത്യയുടെ അഭിമാനമായ വ്യോമസേനയുടെ വിങ് കമാന്റർ അഭിനന്ദൻ വർദ്ധമാനെ സേനയുടെ വീർചക്ര പുരസ്‌കാരത്തിന് പരിഗണിക്കുന്നെന്ന് റിപ്പോർട്ടുകൾ. നിയന്ത്രണ രേഖയിൽ നടന്ന വ്യോമാക്രമണത്തിൽ പാകിസ്താൻ വിമാനം വെടിവെച്ചിട്ട അഭിനന്ദൻ വർദ്ധമാന് പുറമെ ബലാക്കോട്ടിലെയിലെ ജെയ്ഷ് ഇ മുഹമ്മദ് ക്യാമ്പിൽ അതിർത്തി കടന്ന് ആക്രമണം നടത്തിയ മിറാഷ് 2000 ജെറ്റിന്റെ അഞ്ചു പൈലറ്റുമാർക്കും പുരസ്‌കാരം നൽകുമെന്നാണ് റിപ്പോർട്ട്.

ഇന്ത്യൻ സൈന്യത്തിന്റെ തന്നെ മൂന്നാമത്തെ ഏറ്റവും വലിയ പുരസ്‌കാരമാണ് വീർചക്ര. ഫെബ്രുവരി 14 ന് പുൽവാമയിൽ സൈനിക വാഹനവ്യൂഹത്തിന് നേരെയുണ്ടായ ചാവേർ ആക്രമണത്തിന് തിരിച്ചടിയായിട്ടുള്ള ആക്രമണത്തിനിടെയാണ് അഭിനന്ദൻ വർദ്ധമാൻ പാക് വിമാനം വെടിവെച്ചിട്ടത്. ഫെബ്രുവരി 27 നായിരുന്നു സംഭവം. പിന്നീട് യന്ത്രതകരാറിനെ തുടർന്ന് പാക് മണ്ണിലേക്ക് പാരച്യൂട്ടിൽ ഇറങ്ങിയ അഭിനന്ദനെ പാകിസ്താൻ സേന പിടികൂടുകയും നയതന്ത്ര ഇടപെടലോടെ അദ്ദേഹത്തെ മൂന്ന് ദിവസത്തിന് ശേഷം പാകിസ്താൻ തിരിച്ചയയ്ക്കുകയും ചെയ്തിരുന്നു.

തിരികെയെത്തിയ വർദ്ധമാനെ സാമൂഹ്യ മാധ്യമങ്ങൾ അഭിനന്ദനങ്ങൾ കൊണ്ടു പൊതിഞ്ഞിരുന്നു. രാജ്യത്തിന്റെ വീരപുത്രനായാണ് തമിഴ്‌നാട് സ്വദേശിയായ അഭിനന്ദനെ രാജ്യം കാണുന്നത്.

Exit mobile version