ഇനി വെളുത്ത കാശ്മീരി പെണ്‍കുട്ടികളെ കല്ല്യാണം കഴിക്കാം, വിവാഹതരാകാത്ത യുവാക്കളെല്ലാം സന്തോഷത്തില്‍; വിവാദ പരാമര്‍ശവുമായി ബിജെപി എംഎല്‍എ

ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതില്‍ ബിജെപിയുടെ പാര്‍ട്ടി അണികള്‍ ഏറെ സന്തോഷത്തിലാണ്

ലഖ്‌നൗ; ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി ഇന്ത്യ എടുത്തുകളഞ്ഞതിന് പിന്നാലെ യുപിയിലെ ബിജെപി എംഎല്‍എ വിക്രം സിംഗ് സെയ്‌നി വിവാദ പരാമര്‍ശവുമായി രംഗത്ത്. ഇനി ആര്‍ക്കും വെളുത്ത കാശ്മീരി പെണ്‍കുട്ടിയെ വിവാഹം ചെയ്യാമെന്ന് ബിജെപി നേതാവ് പറഞ്ഞു.

ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതില്‍ ബിജെപിയുടെ പാര്‍ട്ടി അണികള്‍ ഏറെ സന്തോഷത്തിലാണ്. പ്രത്യേകിച്ചും വിവാഹതരാകാത്ത യുവാക്കളെന്ന് ഉത്തര്‍പ്രദേശ് മുസാഫര്‍നഗറിലെ ഖട്ടൗലി മണ്ഡലത്തിലെ എംഎല്‍എയായ വിക്രം സിംഗ് സെയ്‌നി പറഞ്ഞു. കാശ്മീരിലുള്ള വെളുത്ത പെണ്‍കുട്ടികളെ വിവാഹം ചെയ്യാമെന്ന സന്തോഷത്തിലാണ് അണികള്‍.

നിലവില്‍ ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതോടെ അതിന് പ്രശ്‌നങ്ങള്‍ ഒന്നുമില്ല. ഇന്ത്യയിലും കാശ്മീരിലും രണ്ട് പൗരത്വങ്ങളാണ് ഉണ്ടായിരുന്നത്. നേരത്തെ ഒരു കാശ്മീരി പെണ്‍കുട്ടി ഉത്തര്‍പ്രദേശുകാരനായ ഒരാളെ വിവാഹം ചെയ്തിരുന്നെങ്കില്‍ അവളുടെ പൗരത്വം വരെ നഷ്ടമാകുമായിരുന്നു. കൂടാതെ അതിക്രൂരമായ പീഢനങ്ങളാണ് സ്ത്രീകള്‍ക്കെതിരെ നടന്നിരുന്നതെന്നും ബിജെപി നേതാവ് വ്യക്തമാക്കി.

ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതോടെ ഇനി പാര്‍ട്ടിയിലെ അണികള്‍ക്ക് കാശ്മീരി പെണ്‍കുട്ടികളെ വിവാഹം ചെയ്ത് ആഘോഷിക്കാം. ഹിന്ദുവോ മുസ്ലീമോ എന്നതില്‍ കാര്യമില്ല. വെളുത്ത കാശ്മീരി പെണ്‍കുട്ടിയെ വിവാഹം ചെയ്യാമെന്നതിലാണ് കാര്യമെന്നും വിക്രം സിംഗ് സെയ്‌നി പറഞ്ഞു.

Exit mobile version