രാജ്യതലസ്ഥാനത്തിന് കണ്ണീർ; ഒരു വർഷ കാലയളവിൽ ഡൽഹിക്ക് നഷ്ടമായത് മൂന്ന് മുൻമുഖ്യമന്ത്രിമാരെ

ന്യൂഡൽഹി: ഡൽഹിക്കിത് ദുഃഖഭാരത്തിന്റെ നാളുകൾ. അപ്രതീക്ഷിതമായെത്തിയ സുഷമാ സ്വരാജിന്റെ വിയോഗ വാർത്തയുടെ ഞെട്ടലിലാണ് രാജ്യതലസ്ഥാനം. മുൻകേന്ദ്രമന്ത്രി മാത്രമായിരുന്നില്ല ഡൽഹി നിവാസികൾക്ക് സുഷമ സ്വരാജ്. മുൻമുഖ്യമന്ത്രി കൂടിയായിരുന്നു. എയിംസ് ആശുപത്രിയിൽ ചൊവ്വാഴ്ച രാത്രിയിൽ ഹൃദയാഘാതത്തെ തുടർന്നാണ് മുതിർന്ന ബിജെപി നേതാവായ സുഷമാ സ്വരാജ് അന്തരിച്ചത്.

ഈ വിയോഗമുൾപ്പടെ കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ഡൽഹിക്ക് നഷ്ടമായത് മൂന്ന് മുൻ മുഖ്യമന്ത്രിമാരെയാണ്. ഡൽഹിയുടെ ആദ്യ വനിതാ മുഖ്യമന്ത്രിയായിരുന്ന സുഷമാ സ്വരാജ് ചൊവ്വാഴ്ച രാത്രി 10.50 ഓടെയാണ് എയിംസ് ആശുപത്രിയിൽ ചികിത്സയ്ക്കിടെ മരണത്തിന് കീഴടങ്ങിയത്.

ഈ വർഷം ജൂലൈ 20നാണ് മൂന്ന് തവണ ഡൽഹിയുടെ മുഖ്യമന്ത്രിപദത്തിൽ ഇരുന്ന മുതിർന്ന കോൺഗ്രസ് നേതാവ് ഷീലാ ദീക്ഷിത് മരണപ്പെട്ടിരുന്നു. അവരുടെ മരണവും ഹൃദയാഘാതത്തെ തുടർന്നായിരുന്നു. ഇതോടെ ഡൽഹിയുടെ ചരിത്രത്തിലെ തന്നെ മുഖ്യമന്ത്രി സ്ഥാനം വഹിച്ച രണ്ട് വനിതകളും കാലയവനികയ്ക്കുള്ളിൽ മറഞ്ഞു.

കഴിഞ്ഞ വർഷം ഒക്ടോബറിലാണ് 1993-96 കാഘട്ടത്തിനിടയിൽ ഡൽഹിയിൽ മുഖ്യമന്ത്രിയായി ഇരുന്ന മദൻലാൽ ഖുരാന അന്തരിച്ചത്. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് ഒരു വയസാകുന്നതിനിടെയാണ് ഇന്ത്യൻ രാഷ്ട്രീയത്തിലെ തന്നെ കരുത്തുറ്റവരായിരുന്ന ഈ രണ്ട് വനിതാ മുഖ്യമന്ത്രിമാരുടേയും നിര്യാണം.

ഷീലാ ദീക്ഷിതും സുഷമാ സ്വരാജും മരണമടഞ്ഞത് ഒരു മാസത്തെ കാലയളവിലാണ്. ഇന്ത്യൻ വിദേശകാര്യ വകുപ്പിന് മേൽവിലാസം ഉണ്ടാക്കിക്കൊടുത്ത കേന്ദ്രമന്ത്രി എന്ന നിലയിൽ ഇന്ത്യയ്ക്ക് അകത്തും പുറത്തും ഏറെ ബഹുമാനിക്കപ്പെടുന്ന വ്യക്തിത്വമാണ് സുഷമാ സ്വരാജിന്റേത്. വിദേശങ്ങളിൽ കുടുങ്ങി പോയ ഇന്ത്യൻ പൗരന്മാർക്ക് തക്ക സമയത്ത് സഹായമെത്തിച്ച് ഹൃദയം കീഴടക്കിയ ഒട്ടനവധി സംഭവങ്ങൾ പറയാനുണ്ടാവും സുഷമാ സ്വരാജിന്.

ഇന്ദിരാഗാന്ധിക്ക് ശേഷം വിദേശകാര്യ വകുപ്പ് ഏറ്റെടുത്ത വനിതയെന്ന നിലയിലും സുഷമ ശ്രദ്ധേയയായിരുന്നു. ഹരിയാന മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞമന്ത്രിയെന്ന ഖ്യാതിയും ഡൽഹിയുടെ ആദ്യവനിതാ മുഖ്യമന്ത്രിയെന്ന ചരിത്ര നേട്ടവും ഇന്ത്യയിലെ ഒരു രാഷ്ട്രീയ പാർട്ടിയുടെ ആദ്യ വക്താവായ വനിതയെന്ന നാഴികക്കല്ലും സ്വന്തം പേരിൽ എഴുതി ചേർത്ത വ്യക്തിത്വമാണ് സുഷമാ സ്വരാജിന്റേത്.

ഡൽഹിയിൽ ഏറ്റവും കൂടുതൽ കാലം തുടർച്ചയായി മുഖ്യമന്ത്രി പദം അലങ്കരിച്ച വ്യക്തിയാണ് ഷീലാ ദീക്ഷിത്. 1998 മുതൽ 2013 വരെയുള്ള നീണ്ട പതിനഞ്ച് വർഷങ്ങളിൽ ഷീല ഡൽഹിയെ നയിച്ചു. ഡൽഹിയിലെ കോൺഗ്രസിന്റെ മുഖവുമായിരുന്നു ഷീല ദീക്ഷിത്.

ബിജെപി നേതാവായിരുന്ന മദൻ ലാൽ ഖുരാന ആർഎസ്എസിലൂടെയാണ് രാഷ്ട്രീയ ജീവിതത്തിലേക്ക് കടന്നത്. പിന്നീട് ഡൽഹിയിലെ ബിജെപിയുടെ കരുത്തുറ്റ നേതാവായി വളർന്നു. ഡൽഹി സിംഹം എന്നായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്. 1993-96 കാലത്ത് ഡൽഹി മുഖ്യമന്ത്രിയായും പിന്നീട് വാജ്‌പേയ് സർക്കാരിൽ 1999 വരെ പാർലമെന്ററി കാര്യ വകുപ്പ് മന്ത്രിയായും സേവനം അനുഷ്ഠിച്ചിരുന്നു. 2004ൽ രാജസ്ഥാന്റെ ഗവർണർ പദവിയും അലങ്കരിച്ചു. 2018 ഒക്ടോബറിലായിരുന്നു അദ്ദേഹം ഓർമ്മയായത്.

Exit mobile version