അപ്പോൾ കാശ്മീരിൽ ഭൂമിക്ക് എന്താ വില; എങ്ങനെ ഭൂമി വാങ്ങാം; ഗൂഗിളിനെ ശല്യം ചെയ്ത് ഇന്ത്യക്കാർ

ന്യൂഡൽഹി: ആർട്ടിക്കിൾ 370 റദ്ദാക്കി കാശ്മീരിന്റെ സംസ്ഥാന പദവി എടുത്ത് കളഞ്ഞ് കേന്ദ്രഭരണ പ്രദേശമാക്കുന്ന ബിൽ പാസാക്കിയതോടെ സ്വസ്ഥത നശിച്ചത് സെർച്ച് എഞ്ചിൻ ഗൂഗിളിനാണെന്ന് പറയേണ്ടി വരും. കാരണം ഈ പുതിയ ഉത്തരവിന് പിന്നാലെ എന്താണ് ആർട്ടിക്കിൾ 370 എന്നറിയാനും പിന്നീട് കാര്യങ്ങൾ ഏകദേശം ബോധ്യപ്പെട്ടതോടെ കാശ്മീരിലെ പ്രോപ്പർട്ടി വില അറിയാനും പ്രോപ്പർട്ടി എങ്ങനെ വാങ്ങിക്കാം എന്ന് തിരഞ്ഞും ഇന്ത്യക്കാർ ഗൂഗിളിന് മുന്നിൽ തന്നെ കുത്തിയിരിക്കുകയാണ്.

ആർട്ടിക്കിൾ 370 ഉം 35എ എന്ന നിയമവും നിലനിൽക്കുന്നതിനാൽ ജമ്മു കാശ്മീർ സ്വദേശികൾ അല്ലാത്തവർക്ക് അവിടുത്തെ ഭൂമി വാങ്ങിക്കുവാൻ സാധിക്കില്ലായിരുന്നു. എന്നാൽ ഭരണഘടനയിലെ 370 ആർട്ടിക്കിൾ നിർത്തലാക്കിയതോടെ ഇന്ത്യയുടെ മറ്റേത് പ്രദേശം പോലെ തന്നെയും കാശ്മീരിലും ആർക്കും ഭൂമി വാങ്ങിക്കുകയും വിനിമയം നടത്തുകയും ചെയ്യാം. ഇതോടെയാണ് ജമ്മു കാശ്മീരിലെ ഭൂമി വിലയെക്കുറിച്ച് ഗൂഗിൾ സെർച്ച് ചെയ്യാൻ ഇന്ത്യക്കാർ ആരംഭിച്ചത്.

പ്രധാനമായും കാശ്മീരിലെ ഭൂമി വില, കാശ്മീരിലെ പ്രോപ്പർട്ടികളുടെ വില, ലേ ലഡാക്ക് എന്നിവിടങ്ങളിലെ ഭൂമി വില, കാശ്മീരിലെ ഭൂമി ഇടപാടുകാർ, പിന്നെ കാശ്മീരിൽ ഭൂമി എങ്ങനെ വാങ്ങാം എന്നീ വിഷയങ്ങളിലാണ് സെർച്ചിങ് നടന്നത്. സെർച്ചിങ് താൽപ്പര്യം തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം പലപ്പോഴും 100 കടന്നു. കാശ്മീരിലെ പ്രോപ്പർട്ടി വില എന്നത് ഏറ്റവും കൂടുതൽ സെർച്ച് ചെയ്തത് ഡൽഹിയിൽ നിന്നുള്ളവരാണ്. രണ്ടാമത് ഹരിയാനക്കാരാണ്. മഹാരാഷ്ട്രക്കാരാണ് മൂന്നാമത്. ഉത്തർപ്രദേശ് നാലാം സ്ഥാനത്താണ്.

കാശ്മീരിലെ ഭൂമി വില എന്നത് ഏറ്റവും കൂടുതൽ തെരഞ്ഞത് ഹരിയാനക്കാരാണ്. രണ്ടാമത് ഡൽഹി. തെലങ്കാനയാണ് മൂന്നാം സ്ഥാനത്ത്. മഹാരാഷ്ട്ര നാലാം സ്ഥാനത്താണ്. കർണ്ണാടകയാണ് അഞ്ചാം സ്ഥാനത്ത്.

കാശ്മീരിൽ ഭൂമി വാങ്ങാം എന്നത് ഏറ്റവും കൂടുതൽ തിരഞ്ഞത് ഡൽഹിക്കാരാണ്. ഹരിയാനയാണ് രണ്ടാമത്. കർണ്ണാടകയാണ് മൂന്നാമത്. ഇന്ത്യയുടെ തെക്കേ അറ്റത്ത് കിടക്കുന്നതിനാൽ വടക്കേയറ്റത്തോട് താൽപര്യമില്ലാത്തതാണോ എന്നറിയില്ല, ഈ തെരച്ചിൽ ഗ്രൂപ്പിൽ മലയാളികൾ പതിനാലാം സ്ഥാനത്താണ്. വലിയ താൽപര്യമില്ലെന്ന് കാണിക്കുന്നതാണ് കേരളത്തിന്റെ ഈ വിഷയത്തിലുള്ള സെർച്ചിങ് ഇൻട്രസ്റ്റ്.

Exit mobile version