കാശ്മീർ: ലോക്‌സഭയിൽ പ്രതിപക്ഷവുമായി അമിത് ഷായുടെ വാക്കേറ്റം; കേരള എംപിമാരെ ശാസിച്ച് സ്പീക്കർ

ന്യൂഡൽഹി: ജമ്മു കാശ്മീർ വിഷയത്തിൽ ലോക്‌സഭയിൽ ചർച്ച പുരോഗമിക്കുന്നു. കാശ്മീർ പ്രമേയത്തിലും സംസ്ഥാന പുനഃസംഘടനാ ബില്ലിന്മേലും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ചർച്ചയ്ക്കു തുടക്കമിട്ടത്. സഭയിൽ ശക്തമായ എതിർപ്പുമായി രംഗത്തെത്തിയ കോൺഗ്രസ് ലോക്‌സഭാ നേതാവ് അധീർ രഞ്ജൻ ചൗധരിയും അമിത് ഷായും തമ്മിൽ ഒരുഘട്ടത്തിൽ വാക്കുതർക്കം നടന്നു.

അതേസമയം, രാജ്യസഭയിൽ സമർത്ഥമായി ഉത്തരവ് വിജയിപ്പിച്ചെടുത്ത കേന്ദ്ര സർക്കാരിനു ലോക്‌സഭയിൽ കാര്യങ്ങൾ കുറച്ചുകൂടി എളുപ്പമാണ്. ബിജെപിയും കോൺഗ്രസും എംപിമാർക്കു വിപ്പ് നൽകിയിട്ടുണ്ട്. കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, ഡിഎംകെ, ജെഡിയു, ഇടത് പാർട്ടികൾ തുടങ്ങിവരാണ് ബില്ലിനെ എതിർക്കുന്നത്. പ്രാദേശിക പാർട്ടികൾ ഉൾപ്പെടെ വലിയൊരു വിഭാഗം കക്ഷികൾ സർക്കാരിനൊപ്പം നിലകൊള്ളുകയാണ്.

അതേസമയം തിങ്കളാഴ്ച സഭയിൽ കാശ്മീർ പ്രമേയം കീറിയെറിഞ്ഞ കേരള എംപിമാരായ ഹൈബി ഈഡനെയും ടിഎൻ പ്രതാപനെയും സ്പീക്കർ ചേംബറിലേക്ക് വിളിപ്പിച്ചു ശാസിച്ചു. വീഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി.

അതേസമയം, ജമ്മു കാശ്മീരിൽ സ്ഥിതി നിയന്ത്രണ വിധേയമാണെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വിശദീകരണം. അനിഷ്ട സംഭവങ്ങളൊന്നും തന്നെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ജമ്മു സർവകലാശാലയടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇന്നും പ്രവർത്തിക്കില്ല. നിരോധനാജ്ഞ തുടരുകയാണ്.

Exit mobile version