കാശ്മീരിന്റെ പ്രത്യേക പദവി ഒഴിവാക്കിയത് അംഗീകരിക്കാനാകില്ലെന്ന് എൻഡിഎ സഖ്യ കക്ഷി; അനുകൂലിച്ച് കെജരിവാൾ

ന്യൂഡൽഹി: ജമ്മു കാശ്മീർ സംസ്ഥാനത്തിനായി ഭരണഘടന അനുവദിച്ചിരുന്ന പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്ര സർക്കാർ തീരുമാനത്തെ എതിർത്ത് സഖ്യകക്ഷിയായ ജെഡിയു. കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ ഉത്തരവും കാശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കാനുള്ള തീരുമാനവും അംഗീകരിക്കില്ലെന്ന് ജെഡിയു നേതാവ് കെസി ത്യാഗി.

”രാജ്യസഭയിൽ ഇന്ന് അവതരിപ്പിച്ച ബില്ലിനെ തങ്ങളുടെ പാർട്ടി പിന്തുണയ്ക്കുന്നില്ല. ജയപ്രകാശ് നാരായണന്റേയും രാം മനോഹർ ലോഹ്യയുടേയും ജോർജ് ഫെർണാണ്ടസിന്റേയും പാത പിന്തുടരുന്ന ആളാണ് തങ്ങളുടെ പാർട്ടി അധ്യക്ഷൻ നിതീഷ് കുമാർ. ഞങ്ങൾക്ക് വേറിട്ട നയമാണുള്ളത്. ആർട്ടിക്കിൾ 370 എടുത്തുകളയരുതെന്നാണ് തങ്ങളുടെ നയം.” ജെഡിയു നേതാവ് കെസി ത്യാഗി വ്യക്തമാക്കി.

അതേസമയം, ബിജെപി തിടുക്കപ്പെട്ട് എടുത്ത തീരുമാനമായാണ് ഈ ഉത്തരവിനെ പ്രതിപക്ഷം വിലയിരുത്തുന്നത്. എൻഡിഎയിലെ സഖ്യ കക്ഷികളോട് ആലോചിക്കാതെയാണ് കാശ്മീർ വിഷയത്തിൽ ബിജെപി തീരുമാനമെടുത്തതെന്നാണ് റിപ്പോർട്ടുകൾ. അമിത് ഷാ രാജ്യസഭയിൽ ബിൽ അവതരിപ്പിച്ചത് രാഷ്ട്രപതി ഒപ്പിട്ട ഓർഡിനൻസിലാണ്. രാഷ്ട്രപതിയുടെ പ്രത്യേക അധികാരം ഉപയോഗിച്ചായിരുന്നു ഇത്.

ഇതിനിടെ, എൻഡിഎ സഖ്യകക്ഷികൾ പോലും എതിർക്കുന്നുണ്ടെങ്കിലും ഡൽഹിയുടെ പൂർണ സംസ്ഥാന പദവിക്കായി മുറവിളി കൂട്ടുന്ന എഎപി നേതാവ് അരവിന്ദ് കെജരിവാൾ ഈ ഉത്തരവിനെ പിന്തുണച്ച് രംഗത്തെത്തിയതും ശ്രദ്ധേയമായി. കേന്ദ്ര സർക്കാരിന്റെ തീരുമാനത്തെ അനുകൂലിക്കുന്നതായും ഈ തീരുമാനത്തോടെ ജമ്മു കാശ്മീരിൽ വികസനവും സമാധാനവും വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അരവിന്ദ് കെജരിവാൾ ട്വീറ്റ് ചെയ്തു.

Exit mobile version