ലിഫ്റ്റിനുള്ളില്‍ കുരുക്കിയിട്ടിരിക്കുന്ന കയറിനുള്ളില്‍ തല കുടുങ്ങി; ശ്വാസം മുട്ടി പിടഞ്ഞ കുഞ്ഞനുജനെ രക്ഷിച്ച് പെണ്‍കുട്ടി; നെഞ്ചിടിപ്പിച്ച് വീഡിയോ

മൂന്ന് ചെറിയ കുട്ടികള്‍ ലിഫ്റ്റിലേയ്ക്ക് കയറി.

ഇസ്താംബൂള്‍: മരണത്തിന്റെ വക്കില്‍ നിന്ന് കുഞ്ഞനുജനെ രക്ഷിക്കുന്ന പെണ്‍കുട്ടിയുടെ വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. ലിഫ്റ്റിനുള്ളില്‍ വെച്ചാണ് അനുജന്‍ അപകടത്തില്‍പ്പെട്ടത്. ഉടനെ സമയോചിതമായ ഇടപെടല്‍ നടത്തിയതോടെയാണ് ജീവനു തന്നെ രക്ഷയായത്.

മൂന്ന് ചെറിയ കുട്ടികള്‍ ലിഫ്റ്റിലേയ്ക്ക് കയറി. ഉടനെ ലിഫ്റ്റിന്റെ വാതില്‍ അടഞ്ഞു. തുര്‍ക്കിയിലെ ഇസ്താംബൂളില്‍ കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. ശേഷം ലിഫ്റ്റിനുള്ളില്‍ കുരുക്കിയിട്ടിരിക്കുന്ന കയറിനുള്ളില്‍ ആണ്‍കുട്ടിയുടെ കഴുത്ത് കുരുങ്ങുകയായിരുന്നു. കഴുത്തില്‍ കുരുങ്ങിയ കയര്‍ മുകളിലേക്ക് ഉയര്‍ന്നതോടെ ശ്വാസം മുട്ടിയ കുട്ടിയെ ഒരു നിമിഷം പോലും സമയം പാഴാക്കാതെ സഹോദരി ചാടിപിടിച്ചു.

ശേഷം എമര്‍ജന്‍സി ബട്ടണ്‍ അമര്‍ത്തുകയും ചെയ്യുന്ന പെണ്‍കുട്ടി അപ്പോള്‍ തന്നെ കുരുക്ക് അഴിച്ചെടുത്ത് സഹോദരനെ രക്ഷപ്പെടുത്തുകയും ചെയ്തു. സമയോചിതമായ ഇടപെടലില്‍ സഹോദരന്റെ ജീവന്‍ രക്ഷിച്ച പെണ്‍കുട്ടിയെ വാഴ്ത്തുകയാണ് ഇപ്പോള്‍ സൈബര്‍ ലോകം. പെണ്‍കുട്ടിയുടെ മനസ്സാന്നിദ്ധ്യമാണ് വന്‍ ദുരന്തം ഒഴിവാക്കിയതെന്ന് ആളുകള്‍ പറയുന്നു.

Exit mobile version