തെരഞ്ഞെടുപ്പില്‍ അധികാരത്തില്‍ എത്തിയാല്‍ ആദ്യം റിപ്പബ്ലിക് ടിവി ചാനല്‍ പൂട്ടിക്കും; അര്‍ണാബ് ഗോസ്വാമിയോട് ഷാ ഫൈസല്‍

റിപ്പബ്ലിക്ക് ടിവി സ്ഥാപകനും അവതാരകനുമായ അര്‍ണാബ് ഗോസ്വാമി ഫൈസലിനെ രാജ്യദ്രോഹിയെന്ന് ആരോപിക്കുകയും അമേരിക്കയിലേക്ക് പൊയ്ക്കൊള്ളുവാന്‍ പറയുകയും ചെയ്തിരുന്നു.

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പില്‍ അധികാരത്തില്‍ എത്തിയാല്‍ ആദ്യം റിപ്പബ്ലിക് ടിവി ചാനല്‍ പൂട്ടിക്കുമെന്ന് മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനും ജമ്മു കാശ്മീര്‍ പീപ്പിള്‍സ് മൂവ്മെന്റ് നേതാവുമായ ഷാ ഫൈസല്‍. ജമ്മു കാശ്മീരില്‍ ഉടലെടുത്ത അസാധാരണമായ രാഷ്ട്രീയ സംഭവ വികാസങ്ങളെ പറ്റിയുള്ള റിപ്പബ്ലിക് ടിവി ചാനല്‍ ചര്‍ച്ചയ്ക്കിടെയാണ് സംഭവം.

റിപ്പബ്ലിക്ക് ടിവി സ്ഥാപകനും അവതാരകനുമായ അര്‍ണാബ് ഗോസ്വാമി ഫൈസലിനെ രാജ്യദ്രോഹിയെന്ന് ആരോപിക്കുകയും അമേരിക്കയിലേക്ക് പൊയ്ക്കൊള്ളുവാന്‍ പറയുകയും ചെയ്തിരുന്നു. ഇതില്‍ പ്രകോപിതനായാണ് ഫൈസല്‍ ചാനല്‍ പൂട്ടിക്കുമെന്ന ഭീഷണി മുഴക്കിയത്. ”താങ്കള്‍ ഇന്ത്യയോട് ഒപ്പമാണോ അതോ എതിരണോ” എന്ന് ഫൈസലിനോട് ചോദിച്ചാണ് റിപ്പബ്ലിക് ടിവിയില്‍ കഴിഞ്ഞ ദിവസം ഗോസ്വാമി തന്റെ ചര്‍ച്ച ആരംഭിച്ചത്.

”നിങ്ങളുടെ നിലപാടുകള്‍ വ്യക്തമായി പ്രഖ്യാപിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. നിങ്ങള്‍ ഇന്ത്യയ്ക്കെതിരാണെങ്കില്‍ പരസ്യമായി പറയുക. ‘ എന്നായിരുന്നു ഗോസ്വാമിയുടെ ചര്‍ച്ചയിലെ നിലപാട്. ഇതിന് മറുപടിയായി, ഗോസ്വാമി കാശ്മീരിന്റെ ചരിത്രം ശരിയായി വായിച്ചിട്ടുണ്ടോ അല്ലെങ്കില്‍ കാശ്മീര്‍ താഴ്‌വരയിലെ പ്രാദേശിക സംസ്‌കാരം മനസിലാക്കാന്‍ ശ്രമിച്ചിട്ടുണ്ടോ എന്ന് തനിക്ക് ഉറപ്പില്ലെന്ന് ഫൈസല്‍ പറഞ്ഞു. ഫൈസലിന്റെ ഈ മറുപടിയാണ് ഗോസ്വാമിയെ ചൊടിപ്പിച്ചത്.

ഇന്ത്യന്‍ സര്‍ക്കാര്‍ പണ്ട് ഫൈസലിനെ അമേരിക്കയിലേക്ക് പറഞ്ഞയച്ചതല്ലേ എന്ന് ഗോസ്വാമി തിരിച്ചടിച്ചു. എന്നാല്‍ ഗോസ്വാമിയുടെ വാദം നിഷേധിച്ച ഫൈസല്‍, ഇന്ത്യന്‍ സര്‍ക്കാര്‍ തന്നെ എങ്ങും പറഞ്ഞയിച്ചിട്ടില്ലെന്നും തന്റെ യുഎസ് സന്ദര്‍ശനം ഒരു കൈമാറ്റ പരിപാടിയുടെ ഭാഗമായിരുന്നുവെന്നും ചര്‍ച്ചയില്‍ വ്യക്തമാക്കി. ഉത്തരം മുട്ടിയ ഗോസ്വാമി ഫൈസലിനെ രാജ്യദ്രോഹിയെന്ന് വിളിച്ച് അധിക്ഷേപിക്കുകയായിരുന്നു. ഫൈസലിന്റെ കൂറ് അമേരിക്കയോടാണ് എന്നും അര്‍ണാബ് കൂട്ടിച്ചേര്‍ത്തു. ഇതിനെതിരെയാണ് ഫൈസല്‍ രംഗത്ത് വന്നത്.

Exit mobile version