‘ക്യാച്ച് എടുക്കണോ? എന്നാല്‍ സൂര്യന്‍ മാറി നില്‍ക്കട്ടെ’; ക്യാച്ച് നഷ്ടപ്പെടുത്തി സൂര്യനെ പഴിച്ച അഫ്ഗാന്‍ നായകന് പൊങ്കാല!

ലീഡ്‌സ്: തോല്‍വിയുടെ നെല്ലിപ്പലകയില്‍ നില്‍ക്കുന്ന ഇരുടീമുകളുടെ ആത്മാഭിമാനം സംരക്ഷിക്കാനുള്ള പോരാട്ടം അവസാനിച്ചത് ട്രോള്‍ മഴയോടെ. അഫ്ഗാനിസ്ഥാനും വെസ്റ്റ് ഇന്‍ഡീസും ഏറ്റുമുട്ടുമ്പോള്‍ വിജയത്തില്‍ കുറഞ്ഞതൊന്നും ഇരുകൂട്ടര്‍ക്കും പ്രതീക്ഷിക്കാനായിരുന്നില്ല. അഭിമാനം കാക്കാന്‍ ഒരു വിജയമെങ്കിലും പ്രതീക്ഷിച്ചാണ് ഇവര്‍ കളത്തിലിറങ്ങിയത്. എന്നാല്‍, അന്തിമ വിജയം വെസ്റ്റ് ഇന്‍ഡീസിനായിരുന്നു.
23 റണ്‍സിന്റെ പരാജയമായിരുന്നു ഏഷ്യന്‍ പുതുമുഖങ്ങളുടെ വിധി.

വിന്‍ഡീസ് ഉയര്‍ത്തിയ കൂറ്റന്‍ സ്‌കോറായ 312 വിജയലക്ഷ്യം പിന്തുടര്‍ന്ന അഫ്ഗാന്‍ 288 റണ്‍സില്‍ എത്തിനില്‍ക്കെ വീണു പോവുകയായിരുന്നു.

മത്സരഫലം ഇങ്ങനെയൊക്കെ ആണെങ്കിലും മത്സരശേഷം സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായത് അഫ്ഗാന്‍ നായകന്‍ ഗുല്‍ബാദിന്‍ നയിബ് ആണ്. ക്രിക്കറ്റ് ആരാധകര്‍ ഒരു ദയയുമില്ലാതെ അറഞ്ചം പുറഞ്ചം ട്രോളുകയാണ് അഫ്ഗാന്‍ നായകനെ. വെസ്റ്റ് ഇന്‍ഡീസ് ഇന്നിങ്‌സിലെ അവസാന പന്തിലെ ക്യാച്ച് നഷ്ടപ്പെടുത്തിയതിനാണ് നയിബ് ട്രോളുകളുടെ രാജകുമാരനായത്.

വിന്‍ഡീസ് ഇന്നിങ്‌സിന്റെ അവസാന ഓവറില്‍ കാര്‍ലോസ് ബ്രാത്‌വെയിറ്റ് കൂറ്റനടിക്ക് ശ്രമിച്ച ആ ബോളാണ് നയിബിന് വിനയായത്. ബ്രാത്‌വെയിറ്റ് ഉയര്‍ത്തി അടിച്ച പന്ത് ബൗണ്ടറിക്ക് അരികില്‍ നിന്ന് പിടികൂടാനായി നയിബ് തുനിഞ്ഞു. എന്നാല്‍, സൂര്യപ്രകാശം കണ്ണിലടിച്ചതിനാല്‍ പന്തില്‍ നിന്നും രക്ഷപ്പെടാനാണ് നയിബ് അന്തിമമായി ശ്രമിച്ചത്. തലയില്‍ കൈവെച്ച് പന്ത് ശരീരത്തില്‍ കൊള്ളാതിരിക്കാന്‍ താരം പരമാവധി ശ്രമിച്ചു.

പന്ത് കൈയില്‍ ഒതുക്കാന്‍ സാധിച്ചില്ലെങ്കിലും ക്രിക്കറ്റ് ആരാധകര്‍ ക്ഷമിച്ചേനെ. ക്യാച്ച് നഷ്ടപ്പെടുത്തുന്ന ആദ്യത്തെ ഫീല്‍ഡര്‍ ഒന്നുമല്ലല്ലോ നയിബ്. എന്നാല്‍ താരത്തിന്റെ തുടര്‍ന്നുള്ള ആക്ഷനാണ് ആരാധകരെ പ്രകോപിപ്പിച്ചത്. പന്ത് ശരിയായി കൈയ്യിലൊതുക്കാതെ ബൗണ്ടറി കടക്കുന്നത് നോക്കി നിന്നതും കൂടാതെ മേലോട്ട് നോക്കി നായകന്‍ സൂര്യനെ പഴിക്കുകയും ചെയ്തു. സൂര്യപ്രകാശം കണ്ണിലടിക്കുന്നതിനെ പഴിച്ച നയിബിനെ ദുരന്തം ഫീല്‍ഡറെന്നാണ് സോഷ്യല്‍മീഡിയ വിളിക്കുന്നത്.

Exit mobile version